ഇങ്ങനെയും ഭാര്യമാരോ? മുംബൈയില്‍നിന്നുള്ള ഈ വാര്‍ത്ത വായിച്ചാല്‍ ഇങ്ങനെ തോന്നുക സ്വഭാവികം. ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ യുവതി വ്യാജ തട്ടിക്കൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ച കഥ ഇങ്ങനെ. മുംബൈയിലെ മീരാ റോഡില്‍ താമസക്കാരിയായ യുവതിയാണ് കള്ളക്കഥ കെട്ടിച്ചമച്ചത്. ഭര്‍ത്താവുമായി ചേര്‍ന്ന് നടത്തുന്ന ട്യുഷന്‍ സെന്ററിന്റെ ലാഭവിഹിതം തനിക്ക് നല്‍കാത്തതിനാണ് യുവതി വ്യാജ തട്ടിക്കൊണ്ടു പോകല്‍ കഥ ആസൂത്രണം ചെയ്തത്. ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തന്നെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയതായി ഭര്‍ത്താവിനെ അറിയിച്ച യുവതി പത്ത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും വാട്‌സ്ആപ്പിലൂടെ അറിയിച്ചു. അബോധാവസ്ഥയില്‍ കിടക്കുന്നതായി അഭിനയിച്ച് ഒരു ഫോട്ടോയും യുവതി ഭര്‍ത്താവിന് അയച്ചു കൊടുത്തു. പോലീസിനെ അറിയിക്കരുതെന്ന മുന്നറിയിപ്പും നല്കിയിരുന്നു. ഭര്‍ത്താവിനോടാണോ കളി. ആദ്യം ചെയ്തത് പോലീസിനെ അറിയിക്കുകയായിരുന്നു. ഒരു ദിവസം പോലീസുകാരെ വട്ടം ചുറ്റിച്ച യുവതിയെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കണ്ടു കിട്ടിയത്.
വീട്ടില്‍ നിന്നിറങ്ങിയ യുവതി ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്തും തെരുവില്‍ അലഞ്ഞു നടന്നുമാണ് സമയം ചെലവഴിച്ചത്. കൈയിലെ പൈസ തീര്‍ന്നതോടെ വിശപ്പ് സഹിക്കവയ്യാതെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വിശ്രമിക്കുമ്പോഴായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. ഭാര്യയോട് ഭര്‍ത്താവ് ക്ഷമിച്ചെന്നും കേസ് ഒഴിവാക്കിയെന്നുമാണ് അവസാനം കിട്ടുന്ന റിപ്പോര്‍ട്ട്.