സീമ മോഹൻലാൽ
ഇടതുകൈയിൽ ഹാൻഡ്ബാഗ് ഇട്ട് നടന്നു നീങ്ങുന്ന യുവതി. അവരുടെ പുറകിലൂടെ വന്ന് ബാഗ് തട്ടിയെടുത്ത് ഓടാൻ ശ്രമിക്കുന്ന കള്ളൻ. പക്ഷേ യുവതി ബാഗിലെ പിടിവിട്ടില്ല. തിരിഞ്ഞു നിന്ന് കള്ളന്റെ കൈകളിൽ പിടിച്ച് ബാഗ് താഴെയിടുവിച്ചു അവർ…. കണ്ടുനിന്ന മറ്റു സ്ത്രീകളുടെ മുഖം സന്തോഷംകൊണ്ടു വിടർന്നു.
പുതുക്കിപ്പണിത എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സ്വയം രക്ഷാ പരിശീലനക്ലാസായിരുന്നു വേദി. അവിടെ പഠിതാക്കളായെത്തിയ സ്ത്രീകൾക്കു മുന്നിൽ അക്രമിയെ എങ്ങനെ തുരത്തണമെന്നു കാണിച്ചു കൊടുത്തത് നിർഭയ വോളന്റിയർമാരായ ലാഫിയും മരിയയുമായിരുന്നു. ഇവർക്കു പിന്തുണയേകി വനിതാ സെൽ എസ്ഐ എം.ടി. സതിയും ഒപ്പമുണ്ടായിരുന്നു. ജനമൈത്രി പോലീസിംഗിന്റെ ഭാഗമായിട്ടാണ് പരിശീലനക്ലാസ് നടക്കുന്നത്.
സ്വയംരക്ഷാ പരിശീലനം
സ്ത്രീകൾ(ഏതു വ്യക്തിയും) അവിചാരിതമായി നേരിടുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങളിൽ നിന്ന് സ്വന്തം ശ്രമത്താൽ പെട്ടെന്ന് രക്ഷപ്പെടുന്നതിനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണ് സ്വയംരക്ഷാ പരിശീലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അടവുകൾ 17
17 അടവുകളാണ് സ്വയം രക്ഷാപരിശീലന പരിപാടിയിൽ സ്ത്രീകളെ പഠിപ്പിക്കുന്നത്. ബസിലെ ശല്യപ്പെടുത്തൽ മുതൽ ലൈംഗികപീഡനം വരെ തടയാനുള്ള അടവുകളാണ് സ്വയംരക്ഷാ പരിശീലനത്തിൽ പഠിപ്പിക്കുന്നത്.
അകാരണമായ ഭയവും, പ്രതികരണശേഷി ഇല്ലായ്മയും മൂലമാണ് സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുവാൻ അവർക്ക് സാധിക്കാത്തത്.
തെറ്റായ കാര്യം ചെയ്യുന്ന ഒരു വ്യക്തിക്ക് ഭയം ഉള്ളിൽ ഉണ്ടാകും. ആ ഭയത്തെ തന്റെ പെരുമാറ്റത്തിലൂടെ മുതലെടുക്കുവാൻ സാധിച്ചാൽ ഏതൊരു സ്ത്രീക്കും സ്വയം രക്ഷ നേടാൻ സാധിക്കും.
പഠിക്കേണ്ടത് ബസിലെ ടെക്നിക്സ്
കൊച്ചിയിലെ സ്വകാര്യബസുകളിൽ യാത്ര ചെയ്യണമെങ്കിൽ അടവുകൾ നന്നായി പയറ്റണം. ഡോറിൽ നിന്ന് തലോടി അകത്തേക്കു കയറ്റുന്ന കിളിയെ മുതൽ സഹയാത്രികരായ വൃദ്ധന്മാരെ വരെ ഭയപ്പെടണം.
അതുകൊണ്ടുതന്നെ സ്വയംരക്ഷാ പരിശീലനത്തിനെത്തിയ പലർക്കും പഠിക്കേണ്ടത് ബസിലെ തോണ്ടലിൽ നിന്ന് രക്ഷനേടാനുള്ള ടെക്നിക് തന്നെയാണ്.
ക്ലാസ് ആറു ദിവസം
നോർത്ത് പോലീസ് സ്റ്റേഷന്റെ മുകളിലെ നിലയിലാണ് പരിശീലന ക്ലാസ് നടക്കുന്നത്. എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയിൽ ആറു ദിവസമാണ് ക്ലാസ്. വനിത സെൽ എസ്ഐ എം.ടി സതിയുടെ നേതൃത്വത്തിൽ രണ്ടു വനിതാ സിവിൽ പോലീസ് ഓഫീസർമാരും നിർഭയ വോളണ്ടിയർമാരായ ലാഫിയും മരിയയുമാണ് സ്ത്രീകൾക്കായി സ്വയംരക്ഷാ പരിശീലനം നൽകുന്നത്. വൈകുന്നേരം നാലു മുതൽ ആറു വരെയാണ് പരിശീലനം. പത്തു വയസാണ് പരിശീലനത്തിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി.
സീനിയർ വിക്ടോറിയ
സ്വയംരക്ഷാ പരിശീലനക്ലാസിലെ ആദ്യ ബാച്ചിൽ 15 പേരാണ് പരിശീലനം നേടിയത്. കൂട്ടത്തിൽ സീനിയർ സ്കൂൾ ജീവനക്കാരിയായിരുന്ന വിക്ടോറിയയാണ്. പ്രായം 62. എങ്കിലും പുതിയ ടെക്നിക്സൊക്കെ വിക്ടോറിയ ചുറുചുറുക്കോടെയാണ് സ്വായത്തമാക്കിയത്.
ഈ പ്രായത്തിൽ ക്ലാസിൽ ചേർന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. ഒറ്റയ്ക്കാകുന്പോൾ പേടിക്കണ്ടല്ലോ… ചെറിയ അടവൊക്കെ നമുക്കും പയറ്റി നിൽക്കാം…’
കൂട്ടത്തിലെ കുട്ടി പഠിതാവ് എട്ടാം ക്ലാസുകാരി ഗൗരിനന്ദനയാണ്. ഗൗരിയുടെ അമ്മ ശ്രീദേവിയും ക്ലാസിനുണ്ട്. നാലു വിദ്യാർഥിനികൾ, മൂന്ന് അധ്യാപികമാർ, എട്ട് വീട്ടമ്മമാർ എന്നിവരാണ് ക്ലാസിനുള്ളത്.
കളി ഞങ്ങളോടു വേണ്ട
പരിശീലനം പൂർത്തിയാക്കിയ സ്ത്രീകൾക്ക് പറയാനുള്ളത് തങ്ങൾ മുന്പത്തെക്കാൾ ധൈര്യശാലികളായെന്നാണ്. ഇനി ഞങ്ങളോടു കളിച്ചാൽ കളി പഠിപ്പിക്കുമെന്നുതന്നെയാണ് ഇവർ ഒന്നടങ്കം പറയുന്നത്.
ശക്തമായി പ്രതികരിക്കണം
അക്രമങ്ങൾ നേരിടേണ്ടിവരുന്പോൾ ആത്മവിശ്വാസമില്ലാതെ പെരുമാറുന്നതുകൊണ്ടും പ്രതികരിക്കാതിരിക്കുന്നതുകൊണ്ടുമാണ് സ്ത്രീകൾ ഇരയാകേണ്ടിവരുന്നത്. പ്രതികരിച്ചാൽ അത് മറ്റുള്ളവർ അറിയും, അക്രമി കൂടുതൽ ശല്യം ചെയ്യുമോ തുടങ്ങിയ ചിന്തകൾ അവരെ നിശബ്ദരാക്കുന്നു. ഇത് അക്രമിക്ക് കൂടുകൽ ധൈര്യം നൽകും. ഇത്തരം സന്ദർഭങ്ങളിൽ ശക്തമായി പ്രതികരിക്കണം. ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണം.
മുൻകരുതലെടുക്കാം
യാത്ര പോകുന്പോൾ സുരക്ഷിതമായ വഴി ഉണ്ടെങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ പോകാവുന്ന വിജനമായ വഴി തെരഞ്ഞെടുക്കുന്നവരുണ്ട്. ഇത് ശരിയല്ല. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, സാഹചര്യങ്ങൾ, കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യതയുള്ള വ്യക്തികൾ എന്നിവയിൽ നിന്നും കഴിയുന്നതും ഒഴിഞ്ഞു നിൽക്കുക. ഏത് അക്രമവും ഒരു പ്രേരണയിൽ നിന്നാവും ഉടലെടുക്കുക. അക്രമം നടത്തുന്നതിന് അക്രമിയെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം. സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ അപരിചിതർക്കും വെളിപ്പെടുത്തരുത്.
ചുറ്റുപാടുകളെ അറിയണം. എവിടെയായിരുന്നാലും ആ സ്ഥലത്തെപ്പറ്റിയും ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയും ശ്രദ്ധയുണ്ടാകണം. അടുത്തുള്ള പോലീസ് സ്റ്റേഷനുകൾ, പോലീസ് സഹായ നന്പറുകൾ, അയൽക്കാർ, ഫയർ സ്റ്റേഷൻ, ആശുപത്രി, സുഹൃത്തുക്കൾ എന്നിവ സംബന്ധിച്ച് ധാരണ ഉണ്ടാകണം. ഇരുട്ടത്തുകൂടിയുള്ള നടത്തം ഒഴിവാക്കണം. യാത്രാവേളയിൽ ശ്രദ്ധയോടെ നടക്കുക. അപരിചിതരുമായി ഇടപെടേണ്ട സന്ദർഭങ്ങളിൽ കരുതലോടെ ഇടപെടുക. അപരിചിതർക്കൊപ്പം ഒരു സ്ഥലത്തും പോകാതിരിക്കുക. സഹപാഠി, സഹജോലിക്കാരൻ, മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ വരുന്ന ബോയ്ഫ്രണ്ട്, അതിഥി എന്നിവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമുള്ള പരിചിതർ മാത്രമാണ്. അവരെ അപരിചിതർ ആയി കാണേണ്ട സാഹചര്യങ്ങളിൽ അപ്രകാരം കാണണം.
ജാഗ്രതയാണ് എല്ലാറ്റിലും പ്രധാനം. അശ്രദ്ധമായും അലസമായുമുള്ള അവസ്ഥ അക്രമിക്ക് സഹായകമാകും. ഏതു സാഹചര്യത്തിലും നിങ്ങൾക്ക് ഉത്തമബോധ്യം വരാത്തവരെ കണ്ണടച്ച് വിശ്വസിക്കരുത്. സഹായ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ആലോചിച്ചിട്ടായിരിക്കണം. വാഹനയാത്രയിൽ ബിസ്കറ്റ് തന്നു മയക്കുന്ന സംഭവങ്ങളുണ്ട്. അതുകൊണ്ട് അപരിചിതരിൽ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക. എന്നാൽ മുൻകരുതലുകളെടുത്താലും അക്രമങ്ങൾ ഉണ്ടാകാം. അതോടൊപ്പം ചിലതുകൂടി ശ്രദ്ധിക്കണം. രണ്ടുതരത്തിലുള്ള ആക്രമണമാണ് സ്ത്രീകൾക്കു നേരെ ഉണ്ടാകുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും, പൊടുന്നനെ ഉണ്ടാകുന്ന ആക്രമണവും.
സധൈര്യം മുന്നേറാം
അക്രമിക്ക് പലപ്പോഴും വ്യക്തമായ പ്ലാനിംഗ് ഉണ്ടാകും. സംശയം, പേടി തുടങ്ങിയവ പ്രകടമാകുന്ന ഭാവം, തലകുനിച്ചുള്ള നടപ്പ് ഇവ ഒഴിവാക്കണം. ശരീര ഭാഷ ഉൗർജ്ജസ്വലമാകണം. ബസിലോ പൊതുസ്ഥലത്തെ ശല്യം ചെയ്യാൻ വരുന്ന ആളെ ഒരു തുറിച്ചു നോട്ടത്തിലൂടെ പിന്തിരിപ്പിക്കാം. എങ്കിലും അക്രമം ഉണ്ടായാൽ ഓടി മാറിയോ ഒഴിഞ്ഞു മാറിയോ രക്ഷപ്പെടാൻ ശ്രമിക്കാം. ഇതിനെ ഭീരുത്വമായി കണക്കാക്കേണ്ട. ശരിയായ സുരക്ഷാമാർഗമാണ്.
ഒച്ച വയ്ക്കുകയാണ് മറ്റൊരു വഴി. പേടിച്ചു വിളിക്കുകയല്ല, ആത്മവിശ്വാസത്തോടെ ഉച്ചത്തിൽ ചോദ്യം ചെയ്യുകയോ അലറി വിളിക്കുകയോ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിച്ചാൽ അക്രമി പിന്തിരിഞ്ഞേക്കാം.
ചില പൊടിക്കൈകൾ
ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ തന്ത്രങ്ങൾ പ്രയോഗിക്കാം. ഉദാഹരണത്തിന് ഒരു ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന പെണ്കുട്ടിയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നു കരുതുക- ആ പെണ്കുട്ടി മൊബൈലിൽ പോലീസിനെയോ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കുകയോ അത്തരത്തിൽ അഭിനയിക്കുകയോ ചെയ്യുക. ഈ തന്ത്രം വഴി അക്രമി പിന്തിരിഞ്ഞു പോയേക്കാം.
ശരീരത്തിലെ ചില പ്രധാന ദുർബല ഭാഗങ്ങൾ
പ്രഹരമേറ്റാൽ വേഗം തളർന്നുപോകുന്ന കുറേ ഭാഗങ്ങൾ മനുഷ്യശരീരത്തിലുണ്ട്. കണ്ണ്, മൂക്ക്, ചെവി, തൊണ്ട മുഴയുടെ ഇരുവശവും, നെഞ്ചിന്റെ മധ്യഭാഗം/ഹൃദയഭാഗം, മടിക്കുത്ത്/വൃഷ്ണഭാഗം തുടങ്ങിയവയാണത്. അടിയന്തര സാഹചര്യങ്ങളിൽ എതിരാളിയുടെ ഈ ഭാഗങ്ങളിൽ ഒരു തൊഴിയോ പ്രഹരമോ ഏൽപ്പിച്ച് അയാളെ തളർത്തി നമുക്ക് വേഗത്തിൽ രക്ഷപ്പെടാനാകും.
ശരീരത്തിലെ ദൃഢമായ ഭാഗങ്ങളായ കൈമുട്ട്, കാൽമുട്ട്, നെറ്റി, മുഷ്ടി, ഉപ്പൂറ്റി, പാദം, പൃഷ്ഠഭാഗം, നഖം, പല്ല് എന്നിവയൊക്കെ ആയുധങ്ങളാക്കി എതിരാളിയെ നേരിടാം. എതിരാളിയുടെ ദുർബലഭാഗങ്ങളിൽ നമ്മുടെ ശക്തമായ ഭാഗം കൊണ്ട് പ്രഹരമേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മനഃസാന്നിധ്യത്തോടെ ചെയ്യുന്നതിന് പരിശീലനം സഹായിക്കും.