ഓച്ചിറ: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി നാലംഗസംഘം ഇരുമ്പുവടി കൊണ്ട് കൈ തല്ലിയൊടിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നു പൊലീസ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പ്രയാര്‍തെക്ക് ആലുംപീടിക രാമപുരത്ത് ശരത്തിന്റെ ഭാര്യ ഐശ്വര്യ (19) യുടെ നേര്‍ക്കായിരുന്നു അക്രമം. ഐശ്വര്യയുടെ സഹോദരന് മനു (27) വിനും മര്‍ദനമേറ്റു. യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച 4നു പ്രയാര്‍തെക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി സഹോദരങ്ങള്‍ വന്ന ബൈക്ക് തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. യുവാവിന്റെ കഴുത്തില്‍ വാള്വച്ചു ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബൈക്കില്‍നിന്നു പിടിച്ചിറക്കി ഇരുമ്പുവടി കൊണ്ടു വലതുകൈ അടിച്ചൊടിച്ചു. അഴീക്കലില്‍നിന്നു മത്സ്യം കയറ്റി വന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരെയും അക്രമികളില്‍നിന്നു രക്ഷിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പുള്ള സംഘടനങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് നിഗമനം. ഒരു മാസം മുന്‍പു പാലക്കുളങ്ങര ജംക്ഷനില്‍ ശരത്തും മറ്റൊരു സംഘവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും മൂന്നുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ശരത് ഉള്‍പ്പെടെ ആറു പ്രതികള്‍ ഒളിവിലാണ്. ഓച്ചിറ പൊലീസ് യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ശൂരനാട് സ്വദേശിയായ റിട്ട: എസ്ഐ സഞ്ചരിച്ച കാര്‍ പാലക്കുളങ്ങര ജംക് ഷനില്വച്ച് ഒരുസംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണു നാടിനെ നടുക്കിയ മറ്റൊരു ആക്രമണം.