പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഏറെപ്പേരും ഇന്നും ആചാരങ്ങൾ പാലിക്കുന്നു. പുരോഗമനചിന്താഗതിക്കാർ ഇതിനെയെല്ലാം എതിർക്കുന്നുണ്ടെങ്കിലും ചില പാരമ്പര്യങ്ങൾ കൗതുകകരവും അതിനേക്കാൾ ആകർഷകവുമാണ്. ശാസ്ത്രീയമായ അടിത്തറയും കുറവല്ല.
ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ പോലും ചില ആചാരങ്ങളുണ്ട്. പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! വളകൾ ഇന്ത്യൻ സ്ത്രീകളുടെ വിവാഹത്തെ പ്രതിനിധീകരിക്കുന്നു. വിവാഹശേഷം പല നിറത്തിലുള്ള വളകൾ ധരിക്കുന്നതു കുടുംബത്തിനു ഭാഗ്യവും സന്തോഷവും സമൃദ്ധിയും നൽകുമെന്നാണു വിശ്വാസം.
വള ധരിക്കുന്നതിൽ ആരോഗ്യപരമായ ഗുണങ്ങളും കണക്കാക്കുന്നുണ്ട്. കൈത്തണ്ടയിൽ വളകൾ ധരിക്കുമ്പോൾ അവ ഘർഷണം സൃഷ്ടിക്കുകയും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നതായി മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു അക്യുപങ്ചർ പോയിന്റാണിത്. കുപ്പിവളകൾ നെഗറ്റീവ് എനർജിയെ അകറ്റുമെന്നും കരുതപ്പെടുന്നു.
വ്യത്യസ്ത നിറങ്ങളിലുള്ള വളകൾക്കു വ്യത്യസ്ത അർഥങ്ങളുണ്ട്. പച്ച ശാന്തതയെ അടയാളപ്പെടുത്തുന്നു. ചുവപ്പ് ഫലഭൂയിഷ്ഠതയുമായും നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. വളകൾ സ്ത്രീകൾക്ക് അഴകേകുന്നുവെന്നതാണു മാറ്റൊരു കാര്യം.