മോഷണമാരോപിച്ച് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം.
വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നീനയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്.
അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം.
മാത്രമല്ല യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.