വിവാഹം മിക്കവരുടെയും ജീവിതത്തിലെ ഒരു സ്വപ്‌നമാണ്. എന്നാല്‍ വധുവും വരനുമെല്ലാം ഒരാളായാല്‍ എന്താകും അവസ്ഥ.
ഇത്തരത്തില്‍ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24കാരിയായ ക്ഷമാ ബിന്ദു. തനിക്കു താന്‍ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം.
സ്വയം വിവാഹം കഴിക്കാനൊരുങ്ങിയതോടെ ക്ഷമ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലും താരമാണ്.
ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയര്‍ത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെടുന്നു.
പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടിയാവും ബിന്ദുവിന്റെ വിവാഹം നടക്കുക. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം.
അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു.
താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു.
ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. ചില ആളുകള്‍ക്ക് സ്വയം വിവാഹങ്ങള്‍ അപ്രസക്തമായി തോന്നാം.
എന്നാല്‍ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ക്ഷമ വ്യക്തമാക്കി.
ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ജൂണ്‍ 11നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയില്‍ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാന്‍ ചെയ്തിട്ടുണ്ട്.