ഏഷ്യയിലെ ഏറ്റവും ഭാരമുള്ള വനിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമിത രജാനി ശരീര ഭാരം കുറച്ചു. 300 കിലോയായിരുന്നു ഇവരുടെ ശരീര ഭാരം. 42 വയസുകാരിയായ ഇവർ നാല് വർഷത്തെ പരിശ്രമത്തിനൊടുവിൽ 214 കിലോയാണ് കുറച്ചത്. ഇപ്പോൾ 86 കിലോയാണ് ഇവരുടെ ശരീരഭാരം.
മഹാരാഷ്ട്രയിലെ വസായ് സ്വദേശിനിയാണ് ഇവർ. ജനിക്കുമ്പോൾ മൂന്ന് കിലോയായിരുന്നു ഇവരുടെ ശരീരഭാരം. ആറാം വയസ് എത്തിയപ്പോഴേക്കും ഇവരുടെ ശരീര ഭാരം വർധിക്കാൻ ആരംഭിച്ചു. 16-ാം വയസിൽ ഇവരുടെ ശരീരഭാരം 126 കിലോ ആയി. ഇതേത്തുടർന്ന് രോഗങ്ങൾ ഇവരുടെ സുഹൃത്തായി മാറി. ഓക്സിജൻ ട്യൂബിന്റെ സഹായമില്ലാതെ ജീവിക്കുവാൻ പറ്റാത്ത സാഹചര്യവുമായി. മാത്രമല്ല 2007 മുതൽ ഇവർക്ക് കട്ടിലിൽ നിന്നും എഴുന്നേൽക്കുവാൻ പറ്റാത്ത അവസ്ഥയുമായി.
നൂറിലധികം തൂവാലകൾ ഉപയോഗിച്ചാണ് ഇവരുടെ ശരീരം ദിവസേന വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒടുവിൽ ശരീരഭാരം കുറയ്ക്കുവാൻ തീരുമാനിച്ചുറപ്പിച്ച ഇവർക്ക് സഹായഹസ്തവുമായി എത്തിയത് മുംബൈയിലെ അമരാവതി ആശുപത്രിയിലെ ഡോക്ടർ ശശാങ്ക് ഷായാണ്.
കട്ടിലിൽ നിന്നും എഴുന്നേൽക്കാനാവാതെ എട്ടുവർഷങ്ങൾ വീടിനുള്ളിൽ ചെലവഴിച്ച ഇവർ ഇതിനായി വീട്ടിൽ നിന്നും പുറത്തിറങ്ങി. മുറിയുടെ വാതിൽ പൊളിച്ചു മാറ്റിയാണ് ഇവരെ വീട്ടിൽ നിന്നും പുറത്തിറക്കിയത്. പ്രത്യേകം തയാറാക്കിയ സോഫയിൽ ഇരുത്തി ആംബുലൻസിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാത്രമല്ല ഇവർക്കു വേണ്ടി മാത്രം ആശുപത്രിയിൽ പ്രത്യേകം നിർമിച്ച കിടക്കയുമുണ്ടായിരുന്നു.
രണ്ട് ഘട്ടമായി ആണ് ഇവരെ ചികിത്സിച്ചത്. 2015ൽ നടത്തിയ ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം പരസഹായമില്ലാതെ ഇവർ നടക്കുവാൻ ആരംഭിച്ചു. പിന്നീട് 2017ൽ നടത്തിയ രണ്ടാം ഘട്ട ശസ്ത്രക്രിയയെ തുടർന്ന് 140 കിലോ ഭാരം കുറക്കുവാനും സാധിച്ചു. ഇവർ ഇപ്പോൾ പൂർണമായും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്.
രക്തസമ്മർദ്ദം, കിഡ്നി പ്രശ്നങ്ങൾ, പ്രമേഹം എന്നീ പ്രശ്നങ്ങളിൽ നിന്നെല്ലാം അമിത പൂർണമായും മുക്തി നേടുകയും ചെയ്തു. ഓഹരിവിപണിയിൽ സജീവമായി ഇടപാടു നടത്തുന്ന ഇവർ താനെയിലുള്ള പ്രത്യേക ക്ലാസിൽ പങ്കെടുക്കുവാൻ പോകുന്നുണ്ട്. ഏകദേശം 35 ലക്ഷം രൂപയാണ് അമിതയുടെ ചികിത്സയ്ക്കായി ചെലവായത്.