കാട്ടിക്കുളം: ഭർത്താവിന്റെ രോഗം മൂർച്ഛിക്കാൻ കാരണം സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നൽകിയ ചികിത്സയിലെ പിഴവാണെന്ന് ആരോപിച്ചും നടപടി ആവശ്യപ്പെട്ടും വീട്ടമ്മ പോലീസിൽ പരാതി നൽകി.
ചങ്ങലഗേറ്റ് പൂവത്തുകുന്നേൽ ഹരിദാസിന്റെ ഭാര്യ ഓമനയാണ് പാൽവെളിച്ചത്തെ സ്വകാര്യ ആയുർവേദ ചികിത്സാലയം നടത്തിപ്പുകാർക്കെതിരേ തിരുനെല്ലി പോലീസിൽ പരാതി നൽകിയത്. കരൾ രോഗത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് അറുപത്തിയൊന്നുകാരനായ ഹരിദാസിനെ കഴിഞ്ഞ നവംബർ ഒന്പതിനു സ്വകാര്യ ആയുർവേദ ചികിത്സാലയത്തിൽ പ്രവേശിപ്പിച്ചത്.
41 ദിവസംകൊണ്ട് രോഗം ഭേദപ്പെടുത്താമെന്ന് ചികിത്സാലയത്തിന്റെ മാനേജിംഗ് ഡയറക്ടറും ഡോക്ടമാരിൽ ഒരാളും ഹരിദാസിനും കുടുംബത്തിനും ഉറപ്പുനൽകിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും രോഗം ശമിച്ചില്ല.
തന്നെയുമല്ല, വയർ വീർത്ത് ഹരിദാസ് അവശനിലയിലാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ അനുജൻ പദ്മനാഭൻ ഇടപെട്ട് ഹരിദാസിനെ ഫെബ്രുവരി 13നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി 26നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത ഹരിദാസ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.