കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 203 സ്ത്രീകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 16 നിരപരാധികളായ സ്ത്രീകള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. സ്ത്രീധനവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ (എസ്സിആര്‍ബി)യുടെ കണക്കുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇന്ന് സ്ത്രീധന വിരുദ്ധ ദിനം ആചരിക്കുന്നത്. “വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റി അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ന് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം ആചരിക്കുന്നു’വെന്ന് വ്യക്തമാക്കിയാണ് പോലീസ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികള്‍ വലിയൊരു വിഭാഗം അഹങ്കാരത്തോടെ വര്‍ണിക്കുന്ന ഈ നാട്ടില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ ശരാശരി പ്രകാരം മണിക്കൂറില്‍ ഒരു സ്ത്രീ വീതം സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നില്ലെന്നും പോലീസ് പറയുന്നു.
ഈ വര്‍ഷം മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട്ടില്‍നിന്ന് സ്ത്രീധനസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ സഹോദരിമാരുടെ കണ്ണീര് പൊഴിയാതിരിക്കാന്‍, ജീവന് നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീധനവിരുദ്ധ മുന്നേറ്റത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പ്രതിജ്ഞയെടുക്കണമെന്നാണ് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.