അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന വാദവുമായി യുവതി രംഗത്ത്. ഇതു സംബന്ധിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് 37കാരിയായ അമൃത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ 22ന് ബന്ധുക്കളായ എല്‍.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പമാണ് അമൃത ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മുതിര്‍ന്ന സഹോദരി ഷൈലജയും അവരുടെ ഭര്‍ത്താവ് സാരഥിയുമാണ് തന്നെ വളര്‍ത്തിയതെന്നാണ് അമൃത ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജയലളിതയുടെ മരണ ശേഷമാണ് തന്നെ രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇതിനുശേഷം ജയയുമായുള്ള ബന്ധം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും വി.കെ ശശികലയും സംഘവും ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയായിരുന്നുവെന്ന് അമൃത പറയുന്നു.
1980 ആഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് ജനിച്ചതെന്നും, താന്‍ ആരാണെന്നു രഹസ്യമാക്കി വച്ചത് ജയലളിതയുടെ ആദരവിന് ഇടിവ് തട്ടാതിരിക്കാനും കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്താതിരിക്കാനുമാണെന്ന് അമൃത ഹര്‍ജിയില്‍ പറയുന്നു. ജയയുടെ മകളാണെന്ന് കാട്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജഡ്ജിമാര്‍, സി.ബി.ഐ എന്നിവര്‍ക്കൊക്കെ കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. ജയ രോഗശയ്യയിലായിരുന്നപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ നാലു തവണ ജയയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ശശികലയുടെ നിര്‍ദ്ദേശത്താല്‍ സുരക്ഷാ ഭടന്മാര്‍ തന്നെ തടയുകയായിരുന്നുവെന്നും അമൃത പറയുന്നു. മരണത്തിനുശേഷം മൃതദേഹം അടക്കണമെന്നും ജയ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അമൃത ആരോപിക്കുന്നു.