തിരുവനന്തപുരം: മലയാള സിനിമയിൽ വനിതകൾക്കായി പുതിയ സംഘടന. ചലച്ചിത്ര നടിമാരും അണിയറ പ്രവർത്തകരായ വനിതകളെയും ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലും ആദ്യത്തെ വനിതാ സംഘടനയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന പുതിയ സംഘടന.
ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾക്കും നടിമാർക്കുമെതിരെ വർധിച്ച് വരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്നാണ് സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. മഞ്ജു വാര്യർ, ബീനാ പോൾ, റീമ കല്ലിങ്കൽ, സജിത മഠത്തിൽ, വിധു വിൻസന്റ്, എന്നിവരാണ് സംഘടനയുടെ നേതൃതലത്തിലുള്ളത്. സംഘടനാ നേതാക്കൾ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും.