തലശേരി: ” സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല…കഷ്ടപ്പെട്ട് വളർത്തിയ പ്രിയ പിതാവിന് താങ്ങാകാൻ പോലും കഴിഞ്ഞില്ല… ജോലി കിട്ടി ആദ്യ ശന്പളം അച്ഛന് കൊടുക്കണമെന്ന ആഗ്രഹവും യാഥാർഥ്യമായില്ല. ആഗ്രഹങ്ങൾക്കനുസരിച്ച് പൊന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല… അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ്…
ചൊക്ലി കിഴക്കെ വയൽ കീർത്തി കോട്ട് താഴെ കുനിയിൽ നിവേദിന്റെ ഭാര്യ ജോൽസ്ന(27)യുടെ പതിമൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിലെ വരികളാണിത്.
ഏക മകൻ ദ്രുവിന്റെയും (ഏഴ് മാസം ) ജോൽസനയുടേയും മൃതദേഹങ്ങൾ ശനിയാഴ്ച പുലർച്ചെയാണ് തൊട്ടടുത്തപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഒരേ സ്കൂളിൽ പഠിച്ച നിവേദും ജോൽസ്നയും എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു.
പന്ത്രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. മരിക്കുന്നതിന്റെ തലേദിവസം പോലും ദമ്പതികൾ ഏറെ ആഹ്ലാദത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഭർത്താവിനെക്കുറിച്ചും ഭർതൃ മാതാപിതാക്കളേക്കുറിച്ചും ഏറെ സ്നേഹത്തോടെയാണ് ജോൽസ്ന കുറിപ്പിൽ വിവരിക്കുന്നത്. കുട്ടി ഭക്ഷണം കഴിക്കാത്തതും കുട്ടിയുടെ ചെവി വേദനയും പ്രസരിപ്പില്ലായ്മയും ഉൾപ്പെടെ അസുഖങ്ങളും വിവരിക്കുന്ന കത്തിൽ താനും കുട്ടിയും പ്രിയ ഭർത്താവിന് ബാധ്യതയാകുമോ എന്ന ആശങ്കയും പങ്കു വയ്ക്കുന്നു.
ഭർത്താവിനോട് വേറെ വിവാഹം കഴിക്കാനുള്ള ഉപദേശവും നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും നേരുന്നുണ്ട്. പിഎസ്സി പരീക്ഷക്ക് തയാറെടുക്കുന്ന ജോൽസ്ന പരീക്ഷക്ക് പഠിക്കുന്ന ബുക്കിലാണ് ആത്മഹത്യാ കുറിപ്പ് തയാറാക്കിയത്.
ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ജോൽസ്നയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ അവശ നിലയിലായ നിവേദ് ആശുപത്രിയിൽ ചികിത്സ യിലാണ്.