അഫ്ഗാനിലെ താലിബാന് സൈന്യം കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു.
വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ താലിബാന് തീരുമാനിച്ചത്. എന്നാല്‍ മരണം മുമ്പില്‍ കണ്ട യുവതി തൂങ്ങിമരിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സ്ത്രീ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന് പോലീസ് മേധാവി അബ്ദുല്‍ റഹ്മാന് പറഞ്ഞു. വിവാഹിതനെ വ്യാഴാഴ്ച വധിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ താലിബാന് ഭരണകൂടം നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്.
ഇതോടെ രാജ്യത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് വീണു. ആറാം ക്ലാസിന് മുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ ഇവിടെ അവകാശമില്ല. സ്ത്രീകളെ ജോലി സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
താലിബാന് അധികാരത്തില്‍ എത്തിയ ശേഷം 80 ശതമാനം സ്ത്രീകള്‍ക്കും മാധ്യമ സ്ഥാപനങ്ങളിലെ ജോലി നഷ്ടമായി.
18 മില്യന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും അനാരോഗ്യം നേരിടുകയുമാണ്. താലിബാന് അധികാരത്തില്‍ വന്നശേഷം യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്റ് മിഷന് ഇന്‍ അഫ്ഗാനിസ്ഥാന് (യുഎന്‍എഎംഎ) പുറത്തിറക്കിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.