വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന ചെന്നൈയില്‍ അബോധാവസ്ഥയില്‍ വഴിയില്‍ കിടന്നിരുന്ന യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ താരം.
കനത്തമഴയ്ക്കിടെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇന്‍സ്പെക്ടര്‍. ഒടുവില്‍ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വന്‍ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്.
2015ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ വെള്ളപ്പൊക്കമാണിത് . താഴന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.