അൽ അയ്ൻ: കാമുകനെ കൊന്ന് വെട്ടിനുറുക്കി കറിയാക്കിയ യുവതി അറസ്റ്റിൽ. യുഎഇയിലെ അൽ അയ്നിലാണ് മുപ്പതുകാരിയായ മൊറോക്കോക്കാരി ഇരുപതുകാരനായ യുവാവിനെ അതിക്രൂരമായി കൊന്നത്. തന്റെ സഹോദരനെ കാണാതായെന്നുള്ള യുവാവിന്റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസ് അന്വേഷണം തുടങ്ങിയത്. വീട്ടിലെത്തിയ പോലീസിനോട് യുവതി ഇയാളെ പുറത്താക്കിയെന്നും അയാൾ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു പറഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ ഈ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇത് കാണാതായ യുവാവിന്റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് കാമുകനെ കൊന്നതെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
കൊന്ന ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ യുവതി ചെറുതാക്കിയെന്ന് പോലീസ് പറയുന്നു. തുടർന്ന് തന്റെ വീടിനടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കാമുകന്റെ മാംസം ഗൾഫ് വിഭവമായ മാച്ബൂസ് രൂപത്തിൽ വിളന്പുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
ബാക്കിയുണ്ടായിരുന്ന മൃതദേഹ ഭാഗങ്ങൾ നായ്കൾക്കും നൽകി. വർഷങ്ങളായി യുവാവിനെ സാന്പത്തികമായി സഹായിച്ച് വരുകയായിരുന്നുവെന്നും എന്നിട്ടും അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താൻ കൊലപാതകം നടത്തുകയായിരുന്നുവെന്നുമാണ് കാമുകി വെളിപ്പെടുത്തിയത്.