കേരളത്തില്‍ കൊലപതാക കേസില്‍ അറസ്റ്റിലാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. മിക്ക കേസുകളുടെയും കാരണം അവിഹിതവും പണവുമാണ്. അടുത്തിടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ഷീജയില്‍ എത്തിനില്‍ക്കുന്നു ഈ പരമ്പര. ആ കൊലപാതകങ്ങളിലൂടെ ഒന്നുകൂടി സഞ്ചരിക്കാം.
കേരളത്തെ ഞെട്ടിച്ച ആദ്യ പെണ്കൊലപാതകിയെന്ന് വേണമെങ്കില്‍ ഷെറിനെ വിശേഷിപ്പിക്കാം. സൗന്ദര്യം കൈമുതലാക്കിയ രക്തയശസെന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിച്ചത്. 2009 നവംബര്‍ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂര്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ സ്റ്റോര്‍ കീപ്പറായിരുന്ന കാരണവര്‍ നാട്ടില്‍ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് തിരികെയെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് കാരണവരുടെ മകന് ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവര്‍ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോര്‍ത്താണ്. 2001ല്‍ വിവാഹത്തെ തുടര്‍ന്ന് ഷെറിനെയും ബിനുവിനെയും കാരണവര്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭര്‍ത്താവിന്റെ പണത്തില്‍ ധൂര്‍ത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തില്‍ തന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് മനസിലാക്കിയ കാരണവര്‍ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിന് അസ്വസ്ഥയായി. തന്റെ ആവശ്യങ്ങള്‍ക്ക് പണ നിയന്ത്രണം വച്ചപ്പോള്‍ പക കടുത്തു. ഒടുവില്‍ കൊലയിലേക്കു കാര്യങ്ങളെത്തി. ഇപ്പോള്‍ ജയിലിലാണ് ഷെറിന്.
മൂന്നാറിനെ ഞെട്ടിച്ചൊരു കെലാപതാകമായിരുന്നു അനന്തപത്മനാഭന്റേത്. ആ കൊലപാതകത്തിനു പിന്നിലെ കരങ്ങളാകട്ടെ സ്വന്തം ഭാര്യയുടേതും. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഹണിമൂണിനെത്തിയതായിരുന്നു ശ്രീവിദ്യ. മൂന്നാറില്‍ വച്ച് അനന്തന് കൊല്ലപ്പെട്ടു. മോഷണ ശ്രമം ചെറുത്ത ഭര്‍ത്താവിനെ രണ്ടുപേര്‍ ചേര്‍ന്ന് കൊന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷാക്കാരായ രണ്ടുപേരാണ് ഭര്‍ത്താവിനെ കൊന്നതെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. എന്നാല്‍ അന്നുരാത്രി തന്നെ ചെന്നൈ സ്വദേശികളായ ആനന്ദ്, അന്‍പുരാജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിടെ കഥയാകെ മാറി. ശ്രീവിദ്യ പറഞ്ഞിട്ടാണ് തങ്ങള്‍ വന്നതെന്നും എല്ലാം അവരുടെ അറിവോടെയാണെന്നും താനും ശ്രീവിദ്യയും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും ആനന്ദ് പറഞ്ഞു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ശ്രീവിദ്യ എല്ലാം സമ്മതിച്ചു. ഭര്‍ത്താവിനെ കൊന്ന് കാമുകനുമായി രക്ഷപെടുകയായിരുന്നു പദ്ധതി. ഇപ്പോഴും ജയിലില്‍ തന്നെയുണ്ട് ശ്രീവിദ്യയും.
ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊല്ലാന്‍ കാമുകനൊപ്പം പദ്ധതിയിട്ട ടെക്നോപാര്‍ക്ക് ജീവനക്കാരി അനുശാന്തിയുടെ കഥ കേരളം മറക്കില്ല. 2014 ഏപ്രിലില്‍ ആറ്റിങ്ങലിലാണ് സംഭവം. ടെക്നോപാര്‍ക്കിലെ സഹ പ്രവര്‍ത്തകനായ നിനോ മാത്യവുമൊത്ത് ജീവിക്കാനാണ്, മനഃസാക്ഷി മരവിക്കുന്ന കുറ്റകൃത്യത്തിന് അനുശാന്തി കൂട്ടുനിന്നത്. കൊല നടത്താനുള്ള സഹായത്തിന് പിഞ്ചുമകള്‍ ഓടിനടക്കുന്ന വീട്ടിലെ മുറികള്‍ വരെ മൊബൈലില്‍ പകര്‍ത്തി വാട്സ് ആപ്പ് വഴി കാമുകന് നല്കി. ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും മൂന്നുവയസ്സുകാരി മകളും ഭര്‍ത്താവിന്റെ അമ്മയും മരിച്ചു.
കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്സിലാക്കുക. ഇത് നാടിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുക. കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ ഓമനയുടെ കേസ് ഞെട്ടലോടെയാണ് കേരളം കേട്ടത്. 1996 ജൂലായ് 11 നാണ് സംഭവം. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനെ ഊട്ടിയില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട് കെയ്സിലാക്കി. ആന്തരികാവയവങ്ങള്‍ ചെറു കഷണങ്ങളാക്കി മുറിയിലെ ടോയ്ലറ്റില് തന്നെ ഫ്ലഷ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാന്‍ ഊട്ടിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് കാറില്‍ പോകവേ പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ട ഡ്രൈവറാണ് വിവരം പോലീസില്‍ അറിയിച്ചത്. ഒരു ചെറിയ അശ്രദ്ധ, കൈപ്പിഴ അല്ലെങ്കില്‍ ദൈവം അവശേഷിപ്പിച്ച തെളിവിന്റെ തരിമ്പ്. ഓമന പിടിക്കപ്പെട്ടു. 1998ല്‍ അവര്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷം 2001ല്‍ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 17 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓമനയെപ്പറ്റി പോലീസിന് ഒരു വിവരവും ഇല്ല.
ഈ പട്ടികയിലെ അവസാനക്കാരിയാണ് ഷീജയെന്ന 37കാരി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാമുകനെകൊണ്ട് കൊന്നുതള്ളിക്കാന് ഇവരെ പ്രേരിപ്പിച്ചതും അരുതാത്ത ബന്ധം തന്നെ. തന്റെ വിവാഹേതര ബന്ധം അമ്മായിയപ്പന് ഭര്‍ത്താവിനെ അറിയിക്കുമോയെന്ന ആശങ്കയും ഷീജയ്ക്കുണ്ടായിരുന്നു. ക്രിമിനലായ സദാനന്ദനെ പ്രണയച്ചതിയില്‍ വീഴ്ത്തി ഷീജ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്രൈം റിക്കാര്‍ഡ് ബ്യൂറോ (എസ്സിആര്‍ബി) കണക്കുകള്‍ പ്രകാരം സ്ത്രീകുറ്റവാളികളുടെ എണ്ണം കൂടുകയാണ്.