പുതിയതെരു: ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കണ്ണൂരിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. ട്രെയിൻ തട്ടി മരിച്ചതാണോ അതോ ട്രെയിനിൽ നിന്നും വീണു മരിച്ചതാണോ എന്ന പരിശോധനയിലാണ് പോലീസ് സംഘം.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത് 200 മീറ്റർ അകലത്തിലായി ഓവുചാലിൽ മൃതദേഹം കണ്ടെത്തിയത്. മുഖം മനസിലാകാത്ത വിധത്തിൽ പുഴുവരിച്ച നിലയിലാണ്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും ഏകദേശം 40 വയസ് തോന്നിക്കുന്ന സ്ത്രീയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കണ്ണൂർ ഡിവൈഎസ്പി ഇൻചാർജ് ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിൽ എസ്ഐ പ്രേമരാജൻ, എഎസ്ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവദാസൻ, സിവിൽ പോലീസ് ഓഫീസർ ബിജു, വനിത സിവിൽ പോലീസ് ഓഫീസർ ഫസീല എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരിൽ നിന്ന് ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ എം.വി. ജയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ വി. ഷെറിൻ, ജിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്.