കണ്ണൂർ: ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വളപട്ടണം സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ട്രെയിനിൽ നിന്നും വീണ് മരിച്ചതല്ലെന്ന നിഗമനത്തിലാണ് പോലീസ്.
കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തെങ്കിൽ റിപ്പോർട്ട് പോലീസ് സർജൻ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലം നേരിട്ട് കാണണമെന്ന് സർജൻ അറിയച്ചതിനെ തുടർന്നാണ്.
ഇന്നലെ വൈകുന്നേരം പോലീസ് സർജൻ സംഭവസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. മരണം സംഭവിക്കുന്പോൾ വെള്ളം കുടിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കുള്ള ഓവുചാലിൽ നിന്നാണ്.
ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ചതാണോ എന്നും സംശയമുണ്ട്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ അഴുകിയ നിലയിലാണ്. അതിനാൽ യുവതി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ചാണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം വടക്ക് ഭാഗത്ത് 200 മീറ്റർ അകലത്തിലായി ഓവുചാലിൽ മൃതദേഹം കണ്ടെത്തിയത്.