കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്.
മകൻ രാജേഷുമൊത്ത് ബലിതർപ്പണം നടത്താൻ സ്കൂട്ടറിൽ പോകവേ ഇവരെ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു.
റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. ഉഷയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപതിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും.
തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പുത്തൂർ പോലീസ് പിന്തുടർന്ന് പിടികൂടി.