ആശുപത്രിയില് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയെ കൈയ്യില് വിലങ്ങണിയിച്ചു കൊണ്ടുവരാന് രേഖാമൂലം നിര്ദ്ദേശിച്ച് വനിതാ ഡോക്ടര്.
തിരുവനന്തപുരം ജനറല് ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്ദ്ദേശം നല്കിയത്.
കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര് കുറിപ്പില് രേഖപ്പെടുത്തിയത്.
പ്രതിഷേധ സൂചകമായാണ് ഡോക്ടര് ഇത്തരത്തില് രേഖപ്പെടുത്തിയതെന്ന് ജനറല് ആശുപത്രി ജീവനക്കാര് അനൗദ്യോഗികമായി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര് വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്ന്ന് ഡോക്ടര്മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രതിഷേധം വ്യാപകമാണ്.
കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളില് ആവശ്യം ഉയര്ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില് ഇനിയും ഇത്തരം സംഭവങ്ങള് ആവര്ത്തിക്കുമെന്നും ഗ്രൂപ്പുകളില് വിമര്ശനം ഉണ്ടായി.
കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര് വന്ദന ദാസ്. ഹൗസ് സര്ജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്കൂള് അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്.
വന്ദനയുടെ ശരീരത്തില് പതിനൊന്നിടത്ത് കുത്തേറ്റു. പരുക്കേറ്റതിനെ തുടര്ന്ന് പോലീസാണ് സന്ദീപിനെ ആശുപത്രിയില് എത്തിച്ചത്.
എന്നാല് പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം വന്ദനയെ കുത്തുകയായിരുന്നു.