ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് യുവതിയും ഭര്ത്താവും ചേര്ന്ന് കൈക്കലാക്കിയത് 11 ലക്ഷത്തിലേറെ രൂപ. യുവാവിന്റെ പരാതിയില് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര പുത്തൂര് പവിത്രേശ്വരം എസ്.എന്. പുരം ബാബുവിലാസത്തില് പാര്വതി ടി.പിള്ള (31), ഭര്ത്താവ് സുനില്ലാല് (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം.യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാര്വതി താന് അവിവാഹിതയാണെന്നും പുത്തൂര് പാങ്ങോട് സ്വകാര്യ സ്കൂളില് അധ്യാപികയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
എസ്.എന്. പുരത്തുള്ള സുനില്ലാലിന്റെ വീട്ടില് പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്ന്നതോടെ പാര്വതി വിവാഹവാഗ്ദാനം നല്കി.
തനിക്ക് 10 വയസ്സുള്ളപ്പോള് മാതാപിതാക്കള് മരിച്ചു. സ്വത്തിന്റെ പേരില് കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്ക്കുമെന്നു പറഞ്ഞാണ് യുവാവില് നിന്ന് പണം വാങ്ങിയത്.
പാര്വതിയുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാര് വാടകയ്ക്കെടുത്തതിന് 8,000 രൂപയും യുവാവ് നല്കി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്.
യുവാവിന്റെ പത്തനംതിട്ട ശാഖയിലെ ബാങ്ക് അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്. ഇതിനിടെ യുവാവിനെയുംകൂട്ടി പാര്വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു.
വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള് യുവതി ഒഴിഞ്ഞുമാറിയതോടെ വീടന്വേഷിച്ച് എത്തിയപ്പോഴാണ് കബളിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് മനസ്സിലാക്കിയത്.
തുടര്ന്ന് പന്തളം പോലീസില് പരാതി നല്കി. ദമ്പതിമാര്ക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാര്, എസ്.ഐ. ടി.കെ.വിനോദ്കുമാര്, എസ്.സി.പി.ഒ. കെ.സുശീല്കമാര്, സി.പി.ഒ.മാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സി.പി.ഒ. മഞ്ജുമോള് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്