മനുഷ്യരുടെ കളിപ്പാവകളും ഉപഭോഗ വസ്തുക്കളുമാണ് മറ്റ് മൃഗങ്ങളെന്ന് ധരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനാല്‍ തന്നെ മൃഗങ്ങളെ പീഡിപ്പിക്കുന്നതില്‍ യാതൊരു തെറ്റും മനസാക്ഷിക്കുത്തും അവര്‍ക്കുണ്ടാകാറില്ല.
മൃഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ പലവിധത്തിലുള്ള നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തരംകിട്ടിയാല്‍ ഒരു കാരണവും കൂടാതെ അവയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്.
അത്തരത്തിലുള്ള ഒരു ക്രൂരതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശന്നു വലഞ്ഞ ഒരു ഹിപ്പോയോട് യുവതിയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്.
ഇന്തോനേഷ്യയിലാണ് സംഭവം. യാത്രക്കാരെ കണ്ടു ഭക്ഷണം നല്‍കുമെന്നു കരുതി അരികിലെത്തിയ ഹിപ്പോപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു.
വെസ്റ്റ് ജാവയിലുള്ള തമന്‍ സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികള്‍ നീങ്ങുമ്പോള്‍ അരികിലേക്കെത്തിയ ഹിപ്പോയെ കണ്ട യുവതി പ്ലാസ്റ്റിക് കുപ്പി കാറിനു പുറത്തേക്ക് ഉയര്‍ത്തിക്കാട്ടി.
ഇതോടെ ഭക്ഷണം നല്‍കാനാവും എന്നുകരുതി ഹിപ്പോ വായ തുറക്കുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുപ്പി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞുകൊടുത്തു.
വായിലേക്ക് വീണത് എന്താണെന്നു മനസ്സിലാകാത്ത ഹിപ്പോ അത് ചവച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സിന്ധ്യ പറയുന്നു. പ്ലാസ്റ്റിക് കുപ്പിക്ക് പുറമേ ടിഷ്യു പേപ്പറുകളും യാത്രക്കാരി എറിയാന്‍ ശ്രമിച്ചുവെങ്കിലും അത് ഹിപ്പോയുടെ വായിലേക്കെത്തിയില്ല.
കുപ്പി ഹിപ്പോയുടെ തൊണ്ടയില്‍ കുടുങ്ങിയെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സിന്ധ്യ തന്നെയാണ് സഫാരി പാര്‍ക്കിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഉടന്‍തന്നെ ഹിപ്പോയ്ക്കരികിലെത്തിയ ഉദ്യോഗസ്ഥര്‍ ഏറെനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കുപ്പി വായില്‍ നിന്നും പുറത്തെടുത്തു.
അതിനുശേഷം ഹിപ്പോയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ വിശദമായ പരിശോധനകള്‍ക്കും വിധേയമാക്കി. സംഭവം വാര്‍ത്തയായതോടെ കുറ്റകൃത്യം ചെയ്ത വ്യക്തിയെ കണ്ടെത്തിയതായി ഇന്തോനീഷ്യയിലെ മൃഗസംരക്ഷണ സംഘടനയുടെ പ്രതിനിധിയായ ഡോനി ഹെര്‍ദാരു വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിലൂടെ ഇവര്‍ മാപ്പ് പറഞ്ഞതായും ഡോനി അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.