ലോട്ടറിയടിച്ചതിലൂടെ ഭര്ത്താവിന് ലഭിച്ച 1.3മൂന്നു കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞു. ലോട്ടറിപ്പണം ലഭിച്ചതിനു തൊട്ടുപിന്നാലെ മൂന്നു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ പണമെല്ലാമെടുത്ത് കാമുകന്റെ ഒപ്പം മുങ്ങുകയായിരുന്നു. തായ്ലന്റിലാണ് സംഭവം.
മണിത്ത് എന്നയാള്ക്കാണ് 6 മില്യണ് ബട്ട് (1.3 കോടി രൂപ) ലോട്ടറി അടിച്ചത്. സമ്മാനത്തുക നല്കുന്ന പരിപാടിക്കിടെയാണ് ഭാര്യ അങ്കണാറത്ത് കാമുകനോപ്പം ഒളിച്ചോടിയത്.
26 വര്ഷമായി മണിത്തും അങ്കണാറത്തും ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല് ഔദ്യോഗിക രേഖകള് പ്രകാരം ഇവര് വിവാഹിതരല്ലെന്ന് പോലീസ് പറഞ്ഞു.
സമ്മാനത്തുക നല്കുന്ന പരിപാടിയില് അപരിചിതനായ ഒരാള് പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള് ഒരു അകന്ന ബന്ധുവാണെന്നാണ് അവര് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്.
സമ്മാനമായി ലഭിച്ച തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്ക്ക് നല്കാനുമാണ് ഇയാള് തീരുമാനിച്ചിരുന്നത്. എന്നാല് എല്ലാ ആഗ്രഹങ്ങളും കാറ്റില്പ്പറത്തിയാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത്.
ഭാര്യയുടെ ഈ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്ത്താവ് പറയുന്നു. എന്നാല് മകന് ഇക്കാര്യം അറിയാമായിരുന്നു. ഒളിച്ചോടി മണിക്കൂറുകള്ക്കകം ഇവരെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ലോട്ടറി അടിച്ച തുക മണിത്ത് ഭാര്യയ്ക്ക് സമ്മാനിച്ചതായേ കരുതൂ എന്നാണ് പോലീസ് പറയുന്നത്.
പണം തിരികെ വാങ്ങാനോ അതിനായി നിയമപരമായി നീങ്ങാനോ സാധിക്കില്ലെന്നാണ് പോലീസ് വാദം. എന്തായാലും ഇവരെ വിളിച്ച് വിവരങ്ങള് അന്വേഷിക്കാനുള്ള ശ്രമങ്ങള് നടക്കുന്നുണ്ട്.