പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍.
ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്.
ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്.
ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്നമെന്നും ഇവര്‍ ചോദിക്കുന്നു.
ചിമ്പാന്സിയെ തനിക്കും ചിമ്പാന്‍സിക്ക് തന്നെയും ഇഷ്ടമാണെന്നും ഇവര്‍ വാദിക്കുന്നു.
ഈ പ്രണയം തുടങ്ങിയതോടെ ചിറ്റ മറ്റ് ചിമ്പാന്സികളില് നിന്നും ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും അവര്‍ക്കൊപ്പം സഹകരിക്കാന്‍ താല്പര്യം കാണിക്കുന്നില്ലെന്നും അധികൃതര്‍ പറയുന്നു. ഇതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.