കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണം വഴിമുട്ടി നില്ക്കുന്ന അവസരത്തില്‍ പുതിയ മാര്‍ഗവുമായി വനിതാ താരസംഘടന. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും അണി നിരത്തി ട്വന്റി-20 പോലൊരു ചിത്രം നിര്‍മ്മിക്കാനാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ സംഘടന പദ്ധതിയിടുന്നതെന്നാണ് സൂചന. നിര്‍മാണവും മഞ്ജു തന്ന ഏറ്റെടുത്തേക്കും.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയിലെ പടലപ്പിണക്കങ്ങള്‍ രൂക്ഷമാക്കിയിരുന്നു. നടിക്ക് വേണ്ടി താര സംഘടന പരസ്യമായി ഒന്നും ചെയ്തില്ലയെന്നും ചില നടന്മാരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള ആക്ഷേപം ശക്തമായിരുന്നു. ഇതോടെയാണ് സിനിമയില്‍ വനിതാ കൂട്ടായ്മ ഉദയം ചെയ്തത്. മഞ്ജു വാര്യര്‍ മുമ്പില്‍ നിന്നപ്പോള്‍ റീമാ കല്ലിങ്കലും പാര്‍വ്വതിയും സര്‍വ്വപിന്തുണയുമായെത്തി.
ഇപ്പോള്‍ ഇവര്‍ നിര്‍മിക്കാനൊരുങ്ങുന്ന സിനിമയില്‍ എന്തിന് പള്‍സര്‍ സുനി നടിയെ ആക്രമിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ടാകുമെന്നാണ് സൂചന. ഇതില്‍ അഭിനയിക്കുന്ന എല്ലാ നടിമാര്‍ക്കും തുല്യ വേതനവും നല്‍കും. അഭിനയിക്കാനെത്തുന്ന നടന്മാര്ക്കും ഇതേ തുക മാത്രമേ കൂലിയായി നല്‍കൂ. അങ്ങനെ കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഉള്‍ക്കളികളും അതിനൊപ്പം കൂലിയിലെ ഇരട്ട നീതിയും ചര്‍ച്ചയാക്കുന്നതാകും സിനിമ. താരാധിപത്യത്തിന് ബദലല്ല വനിതാ സംഘടനയെന്നു പറയുന്നുണ്ടെങ്കിലും താരാധിപത്യത്തെ തകര്‍ക്കുകയാണ് വനിതാ സംഘടനയുടെ ലക്ഷ്യമെന്ന് തുല്യ കൂലി പ്രഖ്യാപനത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു.
സംഘടനയുടെ ധനശേഖരാണാര്‍ത്ഥമാണ് സിനിമ നിര്‍മ്മിക്കുക. ഇതിനായി സ്റ്റേജ് ഷോ നടത്താനും സംഘടനാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ആരാണ് സിനിമ സംവിധാനം ചെയ്യുകയെന്നോ ആരൊക്കെ അഭിനയിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ മുന്‍നിര വനിതാ സംവിധായികമാരായ അഞ്ജലി മേനോന്, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയിലുണ്ട്. ഇവരില്‍ ഒരാളാകും സിനിമ സംവിധാനം ചെയ്യുകയെന്നും വിവരമുണ്ട്.
മഞ്ജുവും പാര്‍വതിയും റീമയുമടക്കമുള്ള സംഘടനാ ഭാരവാഹികളും സിനിമയുടെ ഭാഗമാകും. ഫിലിം എഡിറ്റര്‍ ബീനാ പോള്‍, കാമറ വിമെന്‍ ഫൗസിയ ഫാത്തിമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലുള്ളവര്‍ സംഘടനയുടെ നേതൃത്വത്തിലുണ്ട്. സിനിമാരംഗത്തെ സ്ത്രീകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമെന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. കഴിഞ്ഞ മെയ് 18നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, അഞ്ജലി മേനോന്, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, രമ്യ നമ്പീശന്, സയനോര തുടങ്ങിയവരാണ് സംഘടനയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്.
വനിതാ സംഘടനാ രൂപീകരണത്തെത്തുടര്‍ന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തു. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളാണ്. ഈ സമിതിക്ക് മുന്നിലും കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാക്കാനാണ് തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരു ചലനവുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പള്‍സര്‍ സുനിക്ക് പിന്നിലാരെന്ന് വിശദീകരിക്കുന്ന സിനിമയിലേക്ക് കാര്യങ്ങള്‍ നീളുന്നത്. അതിനിടെ ഈ ചിത്രത്തെ പൊളിക്കാനും നീക്കം സജീവമാണ്. ചില പ്രമുഖ താരങ്ങള്‍ തന്നെ സിനിമയുമായി സഹകരിക്കരുതെന്ന് പലരോടും ആവശ്യപ്പെടുന്നുണ്ട് എന്നാണ് വിവരം.
ധനസമാഹരണാര്‍ഥം നടത്തുന്ന സ്റ്റേജ് ഷോ അട്ടിമറിക്കാനും അണിയറയില്‍ തന്ത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. എന്തായാലും കരുതലോടെ മുന്നോട്ടു നീങ്ങാനാണ് സംഘടനയുടെ തീരുമാനം. നീക്കങ്ങള്‍ അതീവരഹസ്യമാണുതാനും. പിണറായി സര്‍ക്കാര്‍ പിന്തുണയ്്ക്കുമെന്ന പ്രതീക്ഷയാണ് സംഘടനയുടെ കരുത്ത്. പ്രതിസന്ധികളെയും പ്രവചനങ്ങളെയും മറികടന്ന് വിജയ പുഞ്ചിരിയുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. രണ്ടാംവരവിന് തുടക്കംകുറിച്ച ഹൗ ഓള്‍ഡ് ആര് യുവിനുശേഷം മഞ്ജുവിനെ തേടി അനവധി ചിത്രങ്ങളാണെത്തിയത്. ഇപ്പോള്‍ മഞ്ജു അഭിനയിക്കുന്ന ഏഴു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. എന്നിരുന്നാലും പുതിയ സിനിമയില്‍ മഞ്ജുവുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.