കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപ്രതികള്‍ ഒളിവില്‍. വടകര പുതിയാപ്പ സ്വദേശികളായ പ്രവീണ്‍, സഹോദരന് പ്രദീപന്, സോളമന്, ഷിജു എന്നിവരാണ് ഒളിവിലുള്ളത്.
ഇവരെ ഉടന്‍ പിടികൂടുമെന്നും വനിതാ എസ്ഐ പുഷ്പയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വടകര ഇന്‍സ്പക്ടര്‍ എം.എം. അബ്ദുള്‍ കരീം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം.
വടകരയില്‍ താമസിക്കുന്ന 17 കാരിയെയാണ് പ്രവീണ്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടക്കാന്‍ സാധിച്ചതിനാലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
അക്രമികള്‍ വീടിന്റെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും ഉപകരണങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളാണ് നാലുപേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയില്‍ നിന്ന് ഇന്ന് വിശദമായി മൊഴിയെടുക്കും. കേസിലുള്‍പ്പെട്ട പ്രവീണ്‍ മറ്റു കേസുകളിലും പ്രതിയാണ്.