ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും.
ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു.
പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു.
എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ പരീക്ഷയും പ്രസവവും സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.