കൊച്ചി: കാറിനുള്ളില്‍ യുവതിയ്ക്ക് സുഖപ്രസവം. നഗരമധ്യത്തിലെ ഹോട്ടലിലെത്തിയ യുവതിയാണ് പ്രസവ വേദന കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഹോട്ടലുടമയുടെ കാറില്‍ പ്രസവിച്ചത്. ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്ന് കാറില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പാലാരിവട്ടം ചളിക്കവട്ടം ബൈപാസില്‍ കുട്ടിതക്കാരം ഹോട്ടലിനു മുന്നില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം.
ഊബര്‍ ടാക്സിയില്‍ എത്തിയ യുവതി ഹോട്ടലിലെ ബാത്റൂം എവിടെയാണെന്ന് റിസപ്ഷനില്‍ അന്വേഷിച്ചു. ബാത്റൂമില്‍ കയറിയ യുവതി ഉച്ചത്തില്‍ കരഞ്ഞു. വിവരം തിരക്കിയെത്തിയ ഹോട്ടലുടമയോട് താന്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഓട്ടോയും ടാക്സിയും കിട്ടാത്തതിനാല്‍ ഉടമ ഷാനവാസ് തന്റെ കാറില്‍ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു.
കാറില്‍ കയറ്റിയ ഉടനേ തന്നെ പ്രസവം നടക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. യുവതി കോട്ടയം സ്വദേശിയാണ്.