കാറിലും വിമാനത്തിലും ട്രെയിനിലുമൊക്കെ സ്ത്രീകള്‍ പ്രസവിക്കുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തു വരാറുണ്ട്.
എന്നാല്‍ ഫാസ്റ്റ് ഫുഡ് ശൃഖലയായ മക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി.
പ്രസവവേദനയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു അലാന്‍ഡ്രിയ വര്‍തി എന്ന യുവതിയും പങ്കാളിയും.
അതിനിടെയാണ് വാഷ്റൂമില്‍ പോകണമെന്ന് യുവതിക്ക് തോന്നിയത്. തുടര്‍ന്ന് യുവതിയും പങ്കാളിയും തൊട്ടടുത്തുള്ള മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലൗറ്റിലെത്തി.
എന്നാല്‍, വാഷ്റൂമിലെത്തിയ യുവതിക്ക് പ്രസവസമയം അടുക്കുകയും അവിടെ വെച്ച്തന്നെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഔട്ട്ലെറ്റിലെ ജനറല്‍ മാനേജറാണ് യുവതിയെ പ്രസവമെടുക്കാന്‍ സഹായിച്ചതെന്ന് പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് ചെയ്തു.
”അവര്‍ തമാശപറയുകയാണെന്നാണ് ഞാന്‍ കരുതിയത്. വാഷ്റൂമിലെത്തി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലാന്‍ഡ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്കി”ജനറല്‍ മാനേജര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി തങ്ങളുടെ ഔട്ട്ലെറ്റില് പിറന്നുവീണ കുഞ്ഞിന് ജീവനക്കാര്‍ നല്കിയ പേരും കൗതുകമായി.
‘ലിറ്റില്‍ നഗ്ഗറ്റ്’ എന്ന പേരാണ് അവര്‍ നല്കിയ ചെല്ലപേര്. നന്തി അരിയ മൊറേമി ഫിലിപ്സ് എന്നതാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്.
ജീവനക്കാര്‍ നല്കിയ കുഞ്ഞിന്റെ പേര് തന്റെ മാതാപിതാക്കള്‍ക്കും തങ്ങള്‍ക്കും ഇഷ്ടമായെന്ന് അലാന്‍ഡ്രിയയുടെ പങ്കാളി പറഞ്ഞു.