ഏക മകന് കൂട്ടുവേണം. ഈ ലക്ഷ്യത്തോടെയാണ് നാലുകുട്ടികളെ ദത്തെടുക്കാൻ അമേരിക്കയിലെ ബെർക്സ് കൗണ്ടിയിലുള ജേക്ക് യംഗ് – മാക്സിൻ ദന്പതികൾ തീരുമാനിച്ചത്.
പലതവണ ഗർഭം അലസിപ്പോയി, ഐവിഎഫ്, ഐയുഐ തുടങ്ങിയ രീതികൾ പരീക്ഷിച്ച് ഒടുവിലാണ് രണ്ടു വർഷം മുന്പ് ദന്പതികൾക്ക് ഒരു കുട്ടി ജനിച്ചത്. ഇനിയൊരു ഗർഭധാരണം ഉണ്ടാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരും ചേർന്ന് നാലുകുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചത്.
ദത്തെടുക്കൽ നടപടികൾ പൂർത്തികരിച്ച് കഴിഞ്ഞ ഡിസംബറിൽ നാലു മിടുക്കരെ അവർ വീട്ടിൽ കൊണ്ടുവന്നു. നാല്, രണ്ട്, പതിനൊന്ന് മാസവും ഒരു മാസവും പ്രായമുള്ള കുട്ടികളെയാണ് ദത്തെടുത്തത്. കുട്ടികൾ വീട്ടിലെത്തി ഏതാനും ആഴ്ചകൾക്കുള്ളില് മറ്റൊരു അത്ഭുതം നടന്നു.
ഇനി ഗർഭം ധരിക്കില്ലന്ന് കരുതിയ മാക്സിൻ വീണ്ടും ഗർഭിണിയായിരിക്കുന്നു! ആശുപത്രിയില് നടത്തിയ പരിശോധന ഫലം കണ്ട് ദന്പതികൾ അന്പരന്നു- മാക്സിന്റെ വയറ്റിൽ വളരുന്നു നാല് കുഞ്ഞുങ്ങളാണ്! സന്തോഷംകൊണ്ട് ഇരുവരും വീർപ്പുമുട്ടി.
തങ്ങളുടെ മകന്റെ കൂട്ടിനുവേണ്ടിയാണ് നാലുകുട്ടികളെ ദത്തെടുത്ത്. ഇപ്പോഴിത ദൈവം നാലു കുട്ടികളെക്കൂടി തന്നിരിക്കുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം -മാക്സിൻ പറഞ്ഞു. ഗർഭസ്ഥ ശിശുക്കളുടെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു.
32 ആഴ്ചകൾക്കുശേഷം കഴിഞ്ഞ ജൂലൈ 31ന് മാക്സിൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നവജാതശിശുക്കൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.അത്ഭുത ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ വളർന്നുവരുന്ന കുടുംബത്തിനായി കുറച്ച് പണം സ്വരൂപിക്കാൻ ജേക്കിന്റെ അമ്മ ഒാൺലൈനിലൂടെ പണസമാഹരണം തുടങ്ങിയിരുന്നു.
ജേക്കിന്റെ വേതനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. GoFundMe എന്ന പേജിലൂടെ നടത്തിയ ഫണ്ട് സമാഹരണത്തിൽ ആറ് ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. നാൽവർ സംഘത്തെ വീട്ടിലെത്തിച്ച് 11 അംഗങ്ങളുമായുള്ള കുടുംബമായി ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജേയ്ക്കും മാക്സിനും.