ആളുകള്‍ക്ക് വൈദ്യുതിയില്‍ നിന്ന് ഷോക്കേല്‍ക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ബില്ല് കണ്ട് ഷോക്കടിച്ചാല് എന്തു ചെയ്യാന്‍ പറ്റും.
പ്രിയങ്ക ഗുപ്തയ്ക്ക് ജൂലൈ മാസത്തില്‍ വന്ന കറന്റ് ബില്ലാണ് ഇവിടെ പ്രതിപാദ്യ വിഷയം. ആയിരവും പതിനായിരവുമൊന്നുമല്ല ബില്ലായി വന്നത്.
കൃത്യമായി പറഞ്ഞാല്‍ 3,419 കോടി രൂപ. ഇത് കാണുന്നവര്‍ തല കറങ്ങി വീണില്ലെങ്കിലേ അദ്ഭുതമുള്ളൂ അല്ലേ… പക്ഷെ ബില്‍ കണ്ട് വീണത് പ്രിയങ്കയല്ല, ഭര്‍ത്താവിന്റെ അച്ഛനാണ്.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ശിവ് വിഹാര്‍ കോളനിയിലാണു ഞെട്ടിക്കുന്ന കറന്റ് ബില്‍ ഉപഭോക്താവിനു സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പ് നല്‍കിയത്.
ഭീമമായ കറന്റ് ബില്‍ കണ്ടതോടെ പ്രിയങ്കയുടെ ഭര്‍തൃപിതാവ് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ജൂലൈ മാസത്തെ ബില്ലാണു കിട്ടിയത്. വലിയ ബില്‍ കണ്ടതോടെ അച്ഛനു വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു’ പ്രിയങ്കയുടെ ഭര്‍ത്താവ് സഞ്ജീവ് കങ്കണെ പറഞ്ഞു.
തെറ്റു തിരുത്തിയെന്നും ഉത്തരവാദപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും ഊര്‍ജമന്ത്രി പ്രദ്യുമന് സിങ് തോമര്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചു.
സംഭവം വാര്‍ത്തയായതോടെ തിരുത്തല്‍ നടപടിയുമായി മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിത്രാന്‍ കമ്പനി (എംപിഎംകെവിവിസി) രംഗത്തെത്തി.
ബില്ലിലെ തുക മാറിയത് ‘മാനുഷിക പിഴവ്’ ആണെന്നും 1,300 രൂപയുടെ ശരിയായ ബില്‍ ഗുപ്ത കുടുംബത്തിനു കൈമാറിയെന്നും ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപിഎംകെവിവിസി ജനറല്‍ മാനേജര്‍ നിതിന്‍ മാന്ഗ്ലിക് അറിയിച്ചു.