37 വയസിനിടെ ജന്മം നല്‍കിയത് 44 കുട്ടികള്‍ക്ക് ! ഒറ്റപ്രസവത്തില്‍ ജനിക്കുന്നത് മൂന്നും നാലും കുട്ടികള്‍; ഉഗാണ്ടക്കാരി മറിയത്തിന്റെ കഥ കേട്ടാല്‍ ആരും ഞെട്ടും; വീഡിയോ കാണാം…

ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ജനിക്കുന്നതു തന്നെ ആളുകള്‍ സൗഭാഗ്യമെന്നു കരുതിയിരിക്കെ ഒറ്റപ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ ജനിച്ചാലോ…? അതും നിരവധി തവണ. ഉഗാണ്ടയിലെ കബിമ്പിരി സ്വദേശി മറിയം നബത്താന്‍സിയാണ് ഈ അത്ഭുത പ്രതിഭ. ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു പ്രാവശ്യം, ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ പിറന്നത് മൂന്നു പ്രാവശ്യം. പിന്നെ അനവധി ഇരട്ടകളും. അങ്ങനെ പ്രായം 37ല്‍ എത്തിയപ്പോഴേക്കും മറിയം ജന്മം നല്‍കിയത് 44 കുട്ടികള്‍ക്ക്. ഇതില്‍ ആറുകുട്ടികള്‍ പ്രസവത്തോടെ തന്നെ മരിച്ചു. എങ്കിലും 38 ചുണക്കുട്ടികളെ പരിപാലിക്കാന്‍ ഈ അമ്മയ്ക്ക് സമയം തികയുന്നില്ല.

എല്ലാം കുട്ടികളെയും മറിയം ഗര്‍ഭം ധരിച്ചത് ഭര്‍ത്താവില്‍ നിന്നു തന്നെയാണ്. അഞ്ചു മാസം മുതല്‍ 23 വയസ്സ് പ്രായമുണ്ട് മക്കള്‍ക്ക്. ചെറുപ്രായത്തില്‍ ഇത്രയധികം കുട്ടികളുടെ അമ്മയായ മറിയത്തെ ‘ലോകത്തെ ഏറ്റവും സന്താനോത്പാദന ക്ഷമതയുള്ള സ്ത്രീ’ എന്നാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്.
ഇവര്‍ക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ 28 വയസ് കൂടുതലുള്ള ഒരാള്‍ക്ക് മറിയത്തെ വീട്ടുകാര്‍ വിവാഹം ചെയ്തു നല്‍കി. വീണ്ടുമൊരു ദുരിതത്തിലേക്കാണ് മറിയം കയറി ചെന്നത്. കാരണം മറിയത്തെ അയാള്‍ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. പിറ്റേവര്‍ഷം തുടങ്ങിയതാണ് പ്രസവം.

ആദ്യ പ്രസവത്തില്‍ നാലു കുട്ടികളാണ് ജനിച്ചത്. ഇതോടെ മറിയത്തിന് ടെന്‍ഷനായി. ഇങ്ങനെ പ്രസവിക്കാന്‍ തുടങ്ങിയാല്‍ താന്‍ മരിച്ചു പോകുമോ എന്ന ഭയമാണ് അവരെ അലട്ടിയത്. എന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെല്ലാം അവളുടെ മുന്നില്‍ പിഴച്ചു. അടുത്ത മൂന്നു പ്രസവത്തിലായി പിറന്നത് മൂന്നു വീതം ഒമ്പതു കുഞ്ഞുങ്ങള്‍. നാലിലാണ് അടുത്ത മൂന്നു വട്ടം പിടിച്ചത്. ആകെ 12 കുഞ്ഞുങ്ങള്‍. അടുത്തത് അല്‍പം ആശ്വാസം ഉണ്ടായിരുന്നു.

ഇരട്ടകളായിരുന്നു പിന്നീട് കുറച്ചു പ്രസവങ്ങള്‍. രണ്ടു തവണ മാത്രമാണ് അവര്‍ പ്രസവത്തില്‍ ഒരു കുട്ടിയെ പ്രസവിച്ചത്. എല്ലാം സുഖപ്രസവമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മക്കള്‍ ഇങ്ങനെ ജനിക്കാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് മടുത്തു. ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു.
തന്റെ ചെറുപ്പകാലം മറിയം ചെലവഴിച്ചത് വളരെ ദുരിതപൂര്‍ണമായ അനുഭവത്തില്‍ കൂടിയാണ്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാന്‍ ആ രണ്ടാനമ്മ ഭക്ഷണത്തില്‍ കുപ്പിച്ചില്ല് പൊടിച്ച് കലര്‍ത്തി നല്‍കി. അതുവഴി മറിയത്തിന്റെ നാല് സഹോദരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മറിയം മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.

ഒറ്റ പ്രസവത്തില്‍ ആറു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. എന്നാല്‍ പിന്നീട് നടന്ന ആറ് പ്രസവത്തിലൂടെ മറിയം ജന്മം നല്‍കിയത് 18 കുട്ടികള്‍ക്കായിരുന്നു. പ്രസവം മതിയാക്കാന്‍ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനാല്‍ അവര്‍ ആ ശ്രമവും ഉപേക്ഷിച്ചു. ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഈ അസാധാരണ പ്രതിഭാസത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹൈപ്പര്‍ ഓവുലേഷന്‍ എന്ന പ്രത്യേക ശാരീരിക അവസ്ഥയാണ് മറിയത്തിന്. സാധാരണ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ മാസമുറ സമയത്ത് ഒരു അണ്ഡം മാത്രം ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരിക്കല്‍ ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ പ്രസവിക്കുന്ന മറിയത്തിന് നാട്ടിലെ ചില അസൂയക്കാര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് ഡെലിവെറി.

ഇത്രയും മക്കള്‍ പക്ഷേ മറിയത്തിന് പുത്തരിയല്ല. മറിയത്തിന്റെ പിതാവിനും പല സ്ത്രീകളിലായി 45 കുട്ടികളുണ്ടായിരുന്നു. ഇതിലും ഇരട്ടകളുള്‍പ്പെടെ മൂന്നും നാലും കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ഉണ്ടായിട്ടുണ്ടത്രേ. 38 കുഞ്ഞുങ്ങളും അമ്മയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസം. വീട്ടുചെലവുകളും കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് മറിയം തന്നെയാണ്. പലവിധത്തിലുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്നു മറിയം വ്യക്തമാക്കുന്നു. ഇത്രയും അധികം കുഞ്ഞുങ്ങള്‍ ശാപമല്ല അനുഗ്രഹമാണെന്നാണ് മറിയത്തിന്റെ വാദം.

2016ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നല്‍കിയത്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു. കുട്ടികള്‍ പിതാവിന്റെ മുഖം പോലും നന്നായി ഓര്‍ക്കുന്നില്ല. ഭര്‍ത്താവിന്റെ സഹായമില്ലെങ്കില്‍ പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ ജോലിയും ഇവര്‍ ചെയ്യുന്നുണ്ട്. തന്റെ 38 കുട്ടികളെ ഒരു ദിവസം പോലും താന്‍ പട്ടിണിയ്ക്കിടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്. ഇവരുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ഇവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Related posts