ന്യൂഡൽഹി: കാമുകനു പണം നൽകാൻ വൃക്ക വിൽക്കാൻ ഡൽഹിയിലെത്തിയ യുവതിയെ വനിതാ കമ്മീഷൻ രക്ഷപെടുത്തി. ബീഹാറിൽ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ വൃക്ക വിൽക്കാൻ എത്തിയത്.
വിവാഹ മോചിതയായ യുവതി അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാർ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കാമുകനായ യുവാവ് ഉത്തർപ്രദേശിലെ മൊറാദാബാദിലേക്കു മാറി. വീട്ടുകാരോടു വഴക്കിട്ട യുവതി വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഇയാളെ തേടിയെത്തി. എന്നാൽ, കല്യാണം കഴിക്കണമെങ്കിൽ 1,80,000 രൂപ നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. മറ്റൊരു വഴിയും കാണാതിരുന്ന യുവതി അങ്ങനെയാണ് സ്വന്തം വൃക്ക വിൽക്കാൻ തീരുമാനിച്ചത്.
ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. വൃക്ക തട്ടിപ്പിന്റെ കളിയാണെന്നു സംശയിച്ചായിരുന്നു പോലീസിനെ അറിയിച്ചത്. വനിതാ കമ്മീഷനെയും വിവരം അറിയിച്ചു. തുടർന്ന് പോലീസും വനിതാ കമ്മീഷൻ പ്രതിനിധികളുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. കാമുകനെതിരേ കേസ് കൊടുക്കണമെന്ന് നിർദേശിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതി വീട്ടുകാരോടൊപ്പം പിന്നീട് ബീഹാറിലേക്കു മടങ്ങി.