അന്പലപ്പുഴ: പ്രസവം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതി ശുചി മുറിയിൽ പോയപ്പോൾ മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തുവന്നു. ആശുപത്രിയിലെ പിഴവെന്നാരോപിച്ച് ബന്ധുക്കൾ പോലീസിനും, ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 29നാണ് പുന്നപ്ര സ്വദേശിനിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകിയത്.
ഒന്‍പതുമണിക്കൂർ കഴിഞ്ഞാണ് യുവതിയെ ബന്ധുക്കളെ കാണിച്ചത്. രക്തസ്രാവം നിലക്കാതിരുന്നതുകൊണ്ടാണ് വാർഡിലേക്കു മാറ്റാൻ താമസിച്ചതെന്നാണ് ഡ്യൂട്ടി ഡോക്ടർ ബന്ധുക്കളോടു പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം വീട്ടിലേക്കു മടങ്ങിയ യുവതി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. കഴിഞ്ഞ നാലിന് വീട്ടിലെ ശുചി മുറിയിൽ വച്ച് മൂന്നു മീറ്ററോളം തുണി പുറത്തു വരുകയും, യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചു തുടർന്ന് സ്കാനിംഗിന് വിധേയയാക്കിയ യുവതിയെ പിന്നീട് ലേബർ മുറിയിൽ വീണ്ടും പ്രവേശിപ്പിച്ചു. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും യുവതിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ആർ.രാം ലാലിനും, അന്പലപ്പുഴ സി.ഐക്കും ബന്ധുക്കൾ പരാതി നൽകി.