ജല അതോറിറ്റിയിലെ ഭരണപക്ഷ യൂണിയനുകള്‍ അടക്കമുള്ളവയുടെ വാദങ്ങള്‍ പൊളിച്ചടുക്കി മാനേജിങ് ഡയറക്ടറും വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്.
ജല അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍മാരുടെ ടാര്‍ഗറ്റ് ഇരട്ടി വരെയായി വര്‍ധിപ്പിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഭണ്ഡാരി വീടുകളില്‍ കയറി ഇറങ്ങി മീറ്റര്‍ റീഡിംഗ് നടത്തി ബില്‍ നല്‍കിയത്.
തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡര്‍ പ്രതിദിനം 80 ബില്‍ നല്‍കണമെന്നാണു പുതിയ ഉത്തരവ്.
വീടുകളില്‍ എത്തി മൂന്നു മണിക്കൂര്‍ കൊണ്ട് 85 ബില്ലുകള്‍ നല്‍കിയാണ് എംഡി യൂണിയന്‍കാരുടെ വായടച്ചത്.
എംഡി ബില്‍ നല്‍കിയതിനു പിന്നാലെ മീറ്റര്‍ റീഡര്‍മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് (കെഡബ്ല്യുഎഎസ്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബിജുവും കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡിംഗിന് ഇറങ്ങിയെങ്കിലും 50 വീടുകളില്‍ ബില്‍ നല്‍കാനേ കഴിഞ്ഞുള്ളൂ.
ചര്‍ച്ച നടത്താതെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയും ടാര്‍ഗറ്റ് വര്‍ധിപ്പിച്ചതിനെതിരെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് എംഡി നേരിട്ടു ബില്‍ നല്കാനിറങ്ങിയത്.
മീറ്റര്‍ റീഡര്‍മാര്‍ക്ക് ഒരു മാസം 20 ദിവസം മീറ്റര്‍ റീഡിംഗും മറ്റു ദിവസങ്ങളില്‍ ബില്ലുമായി ബന്ധപ്പെട്ട മറ്റു നടപടികളുമാണു ജോലി.
മുന്‍പ് ഒരു മീറ്റര്‍ റീഡര്‍ ഒരു ദിവസം നോക്കേണ്ടത് പഞ്ചായത്തില്‍ മുപ്പതും നഗരസഭയില്‍ നാല്പതും ആയിരുന്നു.
ഇപ്പോള്‍ പഞ്ചായത്ത് 50, മുനിസിപ്പാലിറ്റി 60, കോര്പറേഷന് 80 എന്നിങ്ങനെയാക്കാനാണ് ഉത്തരവ്. മീറ്റര്‍ നോക്കാന്‍ മൂന്നു പഞ്ചായത്തിന് ഒരു സ്ഥിരം ജീവനക്കാരന് പോലുമില്ലെന്നാണു ജീവനക്കാരുടെ പരാതി.
അതേസമയം, വാട്ടര്‍ അതോറിട്ടി പ്രതിദിനം എടുക്കേണ്ട മീറ്റര്‍ റീഡിംഗുകളുടെ എണ്ണം കൂട്ടിയതിനെ എതിര്‍ക്കുന്ന എംപ്ളോയീസ് യൂണിയനും സ്റ്റാഫ് അസോസിയേഷനും 19ന് മാനേജിംഗ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായി ചര്‍ച്ച നടത്തും
പ്രതിദിന റീഡിംഗ് പുനര്നിശ്ചയിച്ചതും റീഡിംഗെടുക്കാന്‍ താന്‍ സ്വയം ഇറങ്ങേണ്ടി വന്നതും എം.ഡി യോഗത്തില്‍ വിശദീകരിക്കും.
അതേസമയം, ഉത്തരവ് പിന്‍വലിക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടും. മീറ്റര്‍ റീഡര്‍മാര്‍ പരമാവധി റീഡിംഗ് എടുക്കുന്നുണ്ടെന്നും പ്രതിദിന റീഡിംഗുകള്‍ കൂട്ടിയ തീരുമാനം ഏകപക്ഷീയമാണെന്നും അവര്‍ പറയുന്നു.
ഗ്രാമ, നഗരപ്രദേശങ്ങളില്‍ റീഡര്‍മാര്‍ക്ക് പെട്ടെന്ന് എത്താനാവാത്ത സ്ഥലങ്ങള്‍ ഉണ്ടെന്നും അതിന് കൂടുതല്‍ സമയം ചെലവിടേണ്ടതിനാല്‍ ഉത്തരവ് അപ്രായോഗികമാണെന്നും സംഘടനകള്‍ ന്യായീകരിക്കുന്നു.