കണ്ണൂർ: സഹപ്രവർത്തകൻ പതിനഞ്ചു വർഷം മുന്പ് സൂക്ഷിക്കാൻ ഏൽപ്പിച്ച സ്യൂട്ട് കെയ്സുകൾ ഉടൻ തിരികെ കൊടുക്കാമെന്ന പ്രതീക്ഷയിൽ യുവതിയും കണ്ണൂർ പോലീസും. കണ്ണൂർ സ്വദേശിയായ ചാൾസിനെക്കുറിച്ച് യുവതി കൂടുതൽ വിവരങ്ങൾ കൈമാറിയതോടെ പോലീസിനു ചാൾസിന്റെ പിതാവിനെ കണ്ടെത്താനായി. കോട്ടയത്താണു ചാൾസിന്റെ പിതാവ് ജോസഫ് താമസിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
അന്വേഷണച്ചുമതലയുള്ള കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എൻ. സഞ്ജയന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചാൾസിന്റെ മേൽവിലാസം കണ്ടെത്തിയത് സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്നു ബിഎ സോഷ്യോളജിയിൽ ചാൾസ് ബിരുദം നേടിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലാണ് പോലീസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക് നയിച്ചത്.
കണ്ണൂർ ടൗൺ അഡീഷണൽ എസ്ഐ ഷൈജു കോഴിക്കോടുകാരനായതുകൊണ്ട് കാലിക്കട്ട് സർവകലാശാലയിൽനിന്നു ചാൾസിന്റെ മേൽവിലാസം തപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. കാലിക്കട്ട് സർവകലാശാലയിലെ ഷൈജുവിന്റെ ചില സുഹൃത്തുക്കളും കണ്ണൂർ ടൗൺ പോലീസിൽ ഉള്ളവരുടെ ചില സുഹൃത്തുക്കളും ചേർന്ന് ഇതിനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ ചാൾസിന്റെ മേൽവിലാസം ലഭിച്ചു.
ഏകദേശം 40,000 ആളുകളുടെ മേൽവിലാസം പരിശോധിച്ചതിൽനിന്നാണു ചാൾസിന്റെ മേൽവിലാസം ലഭിച്ചത്. കണ്ണൂർ കേളകത്താണ് ചാൾസ് താമസിക്കുന്നതെന്ന് മേൽവിലാസത്തിൽനിന്ന് അറിഞ്ഞ പോലീസ് കേളകം പോലീസിന് വിവരം കൈമാറിയെങ്കിലും നിരാശയായിരുന്നു ഫലം. കേളകത്തു നിന്ന് ഏഴുവർഷം മുന്പ് ഇവർ പോയതായി പോലീസിന് വിവരം ലഭിച്ചു.
എന്നാൽ പ്രതീക്ഷ കൈവിടാതെ സിവിൽ പോലീസ് ഓഫീസർ കെ.എൻ. സഞ്ജയന്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം തുടർന്നു. ചാൾസിന്റെ പിതാവ് ജോസഫ് പോസ്റ്റ്മാസ്റ്ററായിരുന്നു എന്ന യുവതിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടുത്ത അന്വേഷണം. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പോസ്റ്റ്മാസ്റ്റർമാർക്ക് സംഘടന ഒന്നും ഇല്ലാത്തതും അന്വേഷണത്തിനു തടസമായി.
പിന്നീട് കേന്ദ്ര ഗവ. ജീവനക്കാരുടെ സംഘടനയായ പെൻഷനേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചാൾസിന്റെ പിതാവിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുകയായിരുന്നു. കോട്ടയത്ത് താമസിക്കുന്ന ജോസഫിനു പ്രായാധിക്യംമൂലം ഫോണിലൂടെ സംസാരിക്കാൻ സാധിക്കാത്തതിനാൽ പോലീസ് സംഘം കോട്ടയത്തേക്കു തിരിച്ചിട്ടുണ്ട്. ചാൾസ് ചങ്ങനാശേരിയിൽ താമസിക്കുന്നുണ്ടെന്നാണു പോലീസിന് ഒടുവിൽ ലഭിച്ച വിവരം. കോട്ടയം പോലീസിന്റെ സഹായവും കണ്ണൂർ പോലീസ് തേടിയിട്ടുണ്ട്. ഇതോടെ യുവതി സ്യൂട്ട്കേസുകളുമായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
15 വർഷം മുന്പ് എറണാകുളം ഇടപ്പള്ളിയിലെ ഒരു കന്പനിയിൽ ജോലിചെയ്തിരുന്നവരാണു യുവതിയും ചാൾസും. ഇടയ്ക്ക് ഒരുദിവസം ദീർഘയാത്ര ഉണ്ടെന്നുപറഞ്ഞ് സുഹൃത്ത് രണ്ടു സ്യൂട്ട്കെയ്സുകൾ ഏൽപ്പിച്ച് എങ്ങോട്ടോ പോയി.
മാസങ്ങൾ കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചുവന്നില്ല. പിന്നീട് യുവതി തഞ്ചാവൂർ സ്വദേശിയെ വിവാഹംചെയ്തു ഗൾഫിലേക്കു താമസം മാറ്റി. സ്യൂട്ട്കെയ്സിന്റെ കാര്യവും മറന്നു. 15 വർഷത്തിനുശേഷം കഴിഞ്ഞമാസം എറണാകുളത്തെ വീട്ടിലെത്തിയ യുവതിയുടെ കണ്ണിൽ യാദൃശ്ചികമായി അന്നത്തെ ആ സ്യൂട്ട്കെയ്സുകൾ പെട്ടു. കൗതുകത്തോടെ അത് തുറന്നുനോക്കി. സംഗതി അത്ര നിസാരമല്ല. അതോടെ സ്യൂട്ട്കെയ്സുകൾ എങ്ങനെയെങ്കിലും സുഹൃത്തിനെ കണ്ടെത്തി തിരികെ ഏൽപ്പിക്കണമെന്ന് ഉറപ്പിച്ചു.
സുഹൃത്തിനെ ഒരുപാട് തെരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ഒടുവിൽ യുവതി പോലീസിന്റെ സഹായം തേടിയെത്തിയത്.