പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്ത സംഘം അറസ്റ്റില്‍. യുവതി അടക്കമുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്.
കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍, അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടല്‍ മുറിയില്‍നിന്ന് 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.
പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ എംഡിഎംഎ പിടികൂടിയത്.
തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടേക്ക് പുറത്തുനിന്ന് ചിലരും എത്തിയിരുന്നു.
പിടിയിലായവരെല്ലാം ലഹരി വില്പനക്കാര് ആണെന്നും ബെംഗളൂരുവില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
പന്തളത്തെ ഹോട്ടലില്‍ കൊണ്ടുവന്ന ശേഷം പങ്കുവച്ച് വില്‍ക്കാനായിരുന്നു പദ്ധതി. ലഹരിമരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികള്‍ പറയുന്നു.
ഇതോടൊപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ലൈംഗിക ഉപകരണങ്ങള്‍ സംശയങ്ങള്‍ക്കിട നല്‍കുന്നുണ്ട്.