പ്രേതബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച യുവതി പരിക്കേറ്റ് ആശുപത്രിയില്‍. ഹോമവും പൂജകളും നടത്തിയതോടൊപ്പം ചൂരല്‍ പ്രയോഗവും നടത്തിയാണു പ്രേത ബാധ ഒഴിപ്പിക്കല്‍ നടന്നതെന്നാണ് വിവരം. പ്രേത ബാധയുണ്ടെന്നു പറഞ്ഞു പൊലീസുകാരനായ ബന്ധുവാണു യുവതിയെ മന്ത്രവാദ കേന്ദ്രത്തില്‍ എത്തിച്ചത്. മര്‍ദ്ദനത്തിന് ഇരയായ യുവതി ചികിത്സ തേടിയെങ്കിലും ബന്ധുക്കള്‍ പൊലീസിന് പരാതി നല്കാന് തയാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്നു യുവതിയുടെ വീട്ടുകാര്‍ മന്ത്രവാദ കേന്ദ്രത്തെലെത്തി പണം തിരികെ വാങ്ങി. 20,000 രൂപയാണു നല്‍കിയത്. പടിഞ്ഞാറന്‍ മേഖലയിലെ ഒരു കേന്ദ്രത്തിലാണ് മന്ത്രവാദം നടന്നത്. മണിക്കൂറുകള്‍ പൂജയും ഹോമവും മറ്റും നടത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീണു. ചുരല്‍ പ്രയോഗത്തില്‍ തളര്‍ന്ന് വിണതാകാമെന്നാണ് പ്രാഥമിക നിഗമനം. യുവതി തലകറങ്ങി വീണതോടെ ബാധ ഇറങ്ങിപ്പോയെന്നു മന്ത്രവാദി പിതാവിനോടു പറയുകയും പണം വാങ്ങുകയും ചെയ്യുകയായിരുന്നു.
വീട്ടില്‍ തിരികെ എത്തിയതോടെ യുവതിക്കു വീണ്ടും പ്രശ്നങ്ങളുണ്ടായതോടെ വീട്ടുകാര്‍ മന്ത്രവാദ കേന്ദ്രത്തില്‍ എത്തി പണം തിരികെ വാങ്ങുകയായിരുന്നു.സംഭവത്തില്‍ പൊലീസ് ഇടപെടുകയും കേന്ദ്രത്തിലെ ഒരാളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ മര്‍ദ്ദനമേറ്റ യുവതിയുടെ വീട്ടുകാര്‍ ഇതിനോട് പ്രതികരിക്കാന്‍ തയാറായില്ല. ഇരു കൂട്ടര്‍ക്കും പരാതി ഇല്ലാഞ്ഞതിനാല്‍ കേസെടുത്തില്ല. യുവതിയുടെ ദേഹത്തുണ്ടായ മുറിവിനു ചികിത്സ തേടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ എത്തുകയും പരിശോധനയില്‍ മര്‍ദനമേറ്റാണ് മുറിവുണ്ടായതെന്നു ഡോക്ടര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസില്‍ വിവരം അറിയിക്കാതെ ചികിത്സ തുടരാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ വീട്ടുകാര്‍ യുവതിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.