തമിഴ്നാട്ടിലെ മധുരയിൽ 65 വയസുള്ള സ്ത്രീ രണ്ട് ദശകമായി കഴിയുന്നത് പൊതുശൗചാലയത്തിൽ. മധുരയിലെ രാംനാഥിലാണ് ദുരിതജീവിതം തള്ളിനീക്കുന്ന ഈ സ്ത്രീയുള്ളത്. മധുര സ്വദേശിനി കറുപ്പയ്യി കഴിഞ്ഞ 19 വർഷമായി പൊതുശൗചാലയത്തിലാണ് കഴിയുന്നത്.
ഈ ശൗചാലയം ശുചിയാക്കുന്നതും കറുപ്പയ്യി ആണ്. ഇതിന് ഇവർക്ക് 70 മുതൽ 80 രൂപ വരെ ദിവസവും ലഭിക്കും. കറുപ്പയ്യിയുടെ കിടപ്പും ഉറക്കവുമെല്ലാം ഇവിടെയാണ്. വാർധക്യപെൻഷൻ പോലും കറുപ്പയ്യിക്ക് ലഭിച്ചിട്ടില്ല. പലയിടത്തും പെൻഷനായി അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
നിരവധി ഓഫീസുകളിൽ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ലെന്നും കറുപ്പയ്യി പറഞ്ഞു. ഇവിടെത്തന്നെയാണ് താമസം. ഒരു മകളുണ്ടെങ്കിലും തന്നെ കാണാൻപോലും വരില്ലെന്നും കറുപ്പയ്യി വേദനയോടെ പറഞ്ഞു.
കറുപ്പയ്യിയുടെ വാർത്ത എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.