പട്ന: കുഞ്ഞുണ്ടാകാത്തതിന് സ്ഥിരമായി കുറ്റപ്പെടുത്തിയ അമ്മായിഅമ്മയെ മരുമകള്‍ കുത്തിക്കൊലപ്പെടുത്തി. തലയ്ക്ക് കുത്തിയ ശേഷം യുവതി അമ്മായിഅമ്മയുടെ കണ്ണും ചൂഴ്ന്നെടുത്തു.
ഇതിന് ശേഷം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തിമൂന്നുകാരിയായ ലളിത ദേവിയാണ് അമ്മായിഅമ്മ ധര്മശിലാ ദേവിയെ കുത്തിക്കൊലപ്പെടുത്തിയത്.
ഒന്നിലധികം തവണയാണ് ലളിതാ ദേവി അമ്മയെ കുത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.
ശരീരത്തില്‍ തീപടര്‍ന്ന നിലയില്‍ കണ്ട ലളിതാ ദേവിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ ലളിതാ ദേവി പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടില്‍ നിന്ന് പുക വരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലളിതാദേവിയേയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്മശിലാ ദേവിയേയും കണ്ടത്. അക്രമിക്കാനുപയോഗിച്ച ആയുധവും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വിശദമാക്കുന്നു.
ലളിതാ ദേവിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതിന് അമ്മായിയമ്മയില്‍ നിന്ന് ക്രൂരമായ പരിഹാസങ്ങളും കുത്തുവാക്കുകളും ഏല്‍ക്കേണ്ടി വന്നിരുന്നു.
ലളിതാ ദേവി ഇതില്‍ പ്രകോപിതയാവാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. ഇത്തരത്തിലുള്ള കുത്തുവാക്കുകള്‍ക്ക് അവസാനമാകാനാണ് ലളിതാദേവി കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.