സ്വന്തം ലേഖിക
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍- പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമടക്കം കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.
ഇന്നലെ രാത്രിയോടെയാണ് സംഭവം. 2018ല്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയും അവരുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത പറശിനിക്കടവിലെ അതേ സ്വകാര്യ ലോഡ്ജില്‍ വച്ച് തന്നെയാണ് പയ്യോളി സ്വദേശിനിയേയും പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
പയ്യോളി പോലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. യുവതി എന്തിനാണ് കണ്ണൂരില്‍ എത്തിയതെന്ന് വ്യക്തമല്ല.
സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറന്പ് പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജിൽ നിന്നും രക്ഷിച്ചു പയ്യോളി പോലീസിനെ വിവരം അറിയിച്ചു.
യുവതിയെ ഇന്നു പയ്യോളി പോലീസ് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്.