പോർച്ചുഗലിൽ മസ്തിഷ്ക മരണം സംഭവിച്ച യുവതി കുഞ്ഞിനു ജന്മം നല്കി. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരം കാതറീനാ സെക്വീറനാണ് ആണ്കുഞ്ഞിനു ജന്മം നല്കിയത്.
പോർട്ടോയിൽ സെന്റ് ജോർജ് ആശുപത്രിയിലാണു സംഭവം. വെന്റിലേറ്ററുടെ സഹായത്തോടെ കുഞ്ഞിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കിയതിനുശേഷമായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. കടുത്ത ആസ്ത്മ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നു വിരമിക്കേണ്ടി വന്ന കാതറീനയ്ക്ക് ഇരുപത്തിയാറാം വയസിൽ, കുഞ്ഞിന് അഞ്ചുമാസം വളർച്ചയുള്ളപ്പോൾ ആസ്ത്മ അറ്റാക്കുണ്ടായി.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസപ്പെട്ടതിനാൽ ശരീരത്തിനു തളർച്ച ബാധിച്ചു. കഴിഞ്ഞവർഷം ഡിസംബർ 26 നു കാതറീനയുടെ മസ്തിഷ്കമരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിപ്പോന്നത്. സാൽവദോർ എന്ന് കുട്ടിക്കു പേരു നല്കി.എൻഐസിയുവിൽ സാൽവദോർ സുഖമായിരിക്കുന്നു.