മയ്യിൽ(കണ്ണൂർ): കാട്ടാമ്പള്ളി പുഴയിൽ കൈരളി ഹെറിറ്റേജിന് പിറകുവശത്തായി പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. 24 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വട്ട തോണിയിൽ മത്സ്യം പിടിക്കുന്ന അന്യസംസ്ഥാനക്കാരിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു.
ഇതിനിടെ ഇന്നലെ രാവിലെ മംഗളൂരിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽനിന്നും ഒരു യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടതായി സഹയാത്രികരും പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം 4.30 ഓടെ നാട്ടുകാരിൽ ചിലർ മത്സ്യം പിടിക്കുവാൻ വന്നപ്പോളാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മയ്യിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തി. കണ്ണൂർ ടൗണിൽ നിന്നും ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.വി രാജൻ,എസ്ഐ വി.ആർ. വിനേഷ്എന്നിവരുടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.