കിഴക്കമ്പലം: പട്ടിറ്റത്ത് സ്ത്രീയുടെ തലയ്ക്കടിച്ച് സ്കൂട്ടർ കവർന്ന സംഭവത്തിൽ പ്രതികൾ ഇതര സംസ്ഥാനക്കാരെന്നു സംശയം.
ടെക്സ്റ്റൈൽ ജീവനക്കാരിയായ പട്ടിമറ്റം അനിൽ വിഹാർ വീട്ടിൽ ജ്യോതി (47)യാണ് ആക്രമണത്തിനിരയായത്.
സംഭവത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്ന് ജ്യോതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി രാത്രി ഒൻപതോടെ അഗാപ്പെ അമ്പലം റോഡിലെ ഇടവഴിയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ജ്യോതി. വെളിച്ചം കുറവായ ഇടറോഡിലെത്തിയപ്പോൾ രണ്ടു പേർ സ്കൂട്ടറിനു മുന്നിലേക്കെത്തി തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ജ്യോതിയെ അടിച്ച് വീഴ്ത്തിയ ശേഷം സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.
ജീൻസ് ധരിച്ച അക്രമികളിലൊരാൾ നീല ടീ ഷർട്ടാണ് ധരിച്ചതെന്ന് ജ്യോതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വെളിച്ചം കുറവായതിനാൽ ഇരുവരുടെയും മുഖം വ്യക്തമായിരുന്നില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുന്നത്തുനാട് സിഐ സി. ബിനുകുമാർ പറഞ്ഞു.