കൽപ്പറ്റ: കർണാടകയിലെ ഗുണ്ടിൽപേട്ടയ്ക്കു സമീപം ഹീരിഗഡിയിൽ പങ്കാളികളുടെ വഞ്ചനയ്ക്കു ഇരയായ യുവ വ്യവസായി ബത്തേരി മണിച്ചിറ കൊല്ലംപറന്പിൽ ക്ലിപ്പി (43)യെ ആപത്തിൽനിന്നു രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നു ഭാര്യ ബോബി, മക്കളായ ക്ലിൻസ്, സാന്ദ്ര, ബന്ധു ചീക്കു ജയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹീരിഗഡിയിലെ ക്രഷർ യൂണിറ്റിന്റെ പങ്കാളികളിൽ ചിലരാണ് ക്ലിപ്പിയെ വഞ്ചിച്ചത്. യൂണിറ്റ് തുടങ്ങുന്നതിനു ക്ലിപ്പി ബാങ്കുകളിൽനിന്നു വായ്പയെടുത്തടക്കം നിക്ഷേപിച്ച കോടിക്കണക്കിനു രൂപ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. അദ്ദേഹത്തിന്റെ ജീവനും ഭീഷണിയിലാണ്.
കർണാടകയിൽനിന്നു ദുബായിലെത്തിയ ക്ലിപ്പി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് കാര്യങ്ങൾ കുടുംബംഗങ്ങൾ അറിഞ്ഞത്. ഇതിനുശേഷം അദ്ദേഹത്തെക്കുറിച്ചു ഒരു വിവരവും ഇല്ല. ക്ലിപ്പി എവിടെയാണെങ്കിലും കണ്ടെത്തി നാട്ടിൽ എത്തിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും അടിയന്തര നടപടി ഉണ്ടാകണം.
യൂണിറ്റു തുടങ്ങുന്നതിനു തദ്ദേവാസിയായ ബസവരാജുവിൽനിന്നാണ് സ്ഥാപനത്തിന്റെ പേരിൽ നാലു ഏക്കർ ഭൂമി ആധാരം ചെയ്തു വാങ്ങിയത്. ഇതേഭൂമി ബസവരാജു വിറ്റതിന്റെ രേഖയുമായി മറ്റുചിലർ രംഗത്തുവന്നു. ഇതിനു പിന്നിൽ സ്ഥാപനത്തിൽ പങ്കാളികളായ കർണാടക സ്വദേശികളായ ദന്പതികളാണെന്നാണ് സംശയിക്കുന്നത്. പങ്കുകാർക്കിടയിലെ പ്രശ്നങ്ങളെത്തുടർന്നു പ്രവർത്തനം നിലച്ച സ്ഥാപനത്തിൽനിന്നു വിലപ്പിടിപ്പുള്ള യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോകാനും ശ്രമം ഉണ്ടായി.
ഹീരഗഡിയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ഫേസ്ബുക്ക് ലൈവിൽ ക്ലിപ്പി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു ചാമരാജ്നഗർ ജില്ല പോലീസ് മേധാവിക്കു പരാതി നൽകിയെങ്കിലും നടപടിയില്ലെന്നു ബോബിയും മക്കളും പറഞ്ഞു.