നാദാപുരം: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ നാദാപുരം കക്കംവെളളിയില് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെ കക്കംവെളളി കള്ള്ഷാപ്പ് പരിസരത്താണ് യുവതിയെ നാട്ടുകാര്‍ കണ്ടത്. രാത്രിയില്‍ ഒറ്റയ്ക്ക് നടന്ന് വരുന്നത് കണ്ട നാട്ടുകാര്‍ യുവതിയോട് കാര്യം ചോദിച്ചപ്പോള്‍ തന്നെ കാറില്‍ തട്ടി ക്കൊണ്ടുപോകുന്നതിനിടയില് ചാടി രക്ഷപ്പെട്ടതാണെന്ന് പറഞ്ഞു. ഇതോടെ നാട്ടുകാര്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും യുവതിയെ സമീപത്തെ വീട്ടില്‍ നിര്‍ത്തുകയും ചെയ്തു. എസ്ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കൊയിലാണ്ടിയില്‍ സബ്ജില്ലാ കലോത്സവം കഴിഞ്ഞ് സഹോദരിയോടൊപ്പം മടങ്ങുമ്പോള്‍ വീട്ടിലേക്ക് ഇറച്ചി വാങ്ങിക്കാന്‍ ചിക്കന്‍ സ്റ്റാള്‍ അന്വേഷിക്കുന്നതിനിടയില്‍ കാറിലെത്തിയ സംഘം ബലമായി കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്കി. മുഖത്ത് എന്തോ സ്പ്രേ ചെയ്തെന്നും ഇതോടെ തന്റെ ബോധം പോയെന്നും ഇവര്‍ പറഞ്ഞു.
ബോധം തെളിഞ്ഞപ്പോള്‍ കാറില്‍ നിന്ന് ചാടുകയായിരുന്നു. കാറില്‍ വേറെയും രണ്ട് ചെറിയ കുട്ടികള്‍ ഉണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. അന്യ സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനം ഈ സമയം ഇത് വഴി കടന്ന് പോയതായി നാട്ടുകാരും പോലീസിനോട് പറഞ്ഞു. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് സ്റ്റേഷനിലെത്തി. ഇയാള്‍ക്കൊപ്പം ഇവരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.