തൊടുപുഴ: കുഞ്ഞിനെ നേരിൽക്കാണുന്നതിൽ നിന്ന് ഭർതൃവീട്ടുകാർ വിലക്കിയതിനു പ്രതികാരമായി ബന്ധുവായ രണ്ടുരവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയും അമ്മയും അറസ്റ്റിൽ. സ്വന്തം കുഞ്ഞിനെ കാണാനെത്തിയപ്പോൾ ഭർതൃപിതാവ് വിലക്കിയതിനാണ് ഭർതൃസഹോദരന്റെ രണ്ടര വയസുകാരനായ മകനെ കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനിയും അമ്മയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. തൊടുപുഴ കരിങ്കുന്നം പൊന്നന്താനത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.
അബുദാബിയിൽ ബിസിനസുകാരനായ തൊടുപുഴ പൊന്നന്താനം സ്വദേശിയുടെ ഭാര്യയെയും അമ്മയെയുമാണു കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. ദന്പതികളുടെ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള നിയമനടപടികൾ കുടുംബകോടതിയിൽ പുരോഗമിക്കുകയാണ്. ഒരുമാസം മുന്പ് അവധിക്കെത്തിയ യുവാവ്, ഭാര്യയെയും മകനെയും സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഭാര്യ പിണങ്ങി ഇവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞയാഴ്ച വിദേശത്തേക്ക് മടങ്ങിയ യുവാവ് കുഞ്ഞിനെ എറണാകുളത്തുള്ള ബന്ധുവീട്ടിൽ ഏൽപ്പിച്ചശേഷമാണ് പോയത്.
കുഞ്ഞിനെ കൊണ്ടുപോകാൻ മാതാവും അമ്മയും പൊന്നന്താനത്തെ വീട്ടിലെത്തിയപ്പോൾ കുട്ടി ഇവിടെയില്ല എന്നു ഭർതൃപിതാവ് പറഞ്ഞു. ഇതേത്തുടർന്നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ ബലമായി കാറിൽകയറ്റി സ്ഥലംവിട്ടത്. കുട്ടിയെ ഇവർ നടുക്കണ്ടത്തുള്ള ബന്ധുവീട്ടിൽ എത്തിച്ചശേഷം തിരികെപ്പോവുകയും ചെയ്തു.
ഇതിനിടെ കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. കാർ കണ്ടെത്തുകയും ചെയ്തു. ഡ്രൈവർ നൽകിയ വിവരമനുസരിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ത്രീകളെ ബന്ധുവീട്ടിൽ നിന്നും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടിയെ രക്ഷിതാക്കളെ ഏൽപ്പിച്ചു. പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.