യുവതിയെ തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം പിടിയില്‍. തമിഴ്നാട്ടിലെ മയിലാടും തുറെയില് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
യുവതിയുടെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
15 പേര് യുവതിയുടെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവം നടന്ന രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു.
പ്രതികളിലൊരാളായ വിഘ്നേശ്വരന് യുവതിയുമായി സൗഹൃദ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വിഘ്നേശ്വരന് തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മൈലാഡുംതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വിഘ്നേശ്വരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്കി വിട്ടയച്ചു. ജൂലൈ 12-ാം തീയതിയും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടി രക്ഷപെടുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്
കത്തി കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് യുവതിയെ കടത്തിക്കൊണ്ടുപോയത്. പ്രതികള്‍ യുവതിയുമായി പോയതിന് പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്കി.
ദേശീയപാതയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്ത് യുവതിയെ രക്ഷപെടുത്തുകയും ചെയ്തു.