ഉത്തരാഖണ്ഡില് 30 വയസുള്ള ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസില് കാമുകി അറസ്റ്റില്.
യുവാവിനെ കാറില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
മൂര്ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്ക്കാനാണ് കാമുകിയായ യുവതി ശ്രമിച്ചത്.
കേസില് കാമുകിയും പാമ്പ് പിടിത്തക്കാരനും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില് പങ്കാളിയായ മറ്റു രണ്ടുപേര് ഒളിവിലാണെന്നും ഇവര്ക്ക് വേണ്ടി തിരച്ചില് തുടരുന്നതായും പോലീസ് അറിയിച്ചു.
ജൂലൈ പതിനഞ്ചിനാണ് അങ്കിത് ചൗഹാനെ കാറില് മരിച്ചനിലയില് കണ്ടെത്തിയത്. ഹല്ദ്വാനിയില് റോഡരികില് പാര്ക്ക് ചെയ്ത നിലയിലായിരുന്നു കാര്.
അമിതമായ അളവില് കാര്ബണ് മോണോക്സൈഡ് ശ്വസിച്ചതിനെ തുടര്ന്നാകാം മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടാണ് നിര്ണായകമായത്. പാമ്പിന് വിഷമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നത്.
തുടര്ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ കാമുകി മാഹി ആര്യ, പാമ്പ് പിടിത്തക്കാരന് രമേശ് നാഥ്, മാഹിയുടെ കൂട്ടുകാരന് എന്നിവരാണ് പിടിയിലായത്.
തുടക്കത്തില് അങ്കിത് ചൗഹാന്റെ കോള് വിശദാംശങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതില് നിന്ന് മാഹിയുമായി നിരന്തരം സമ്പര്ക്കം പുലര്ത്തിയിരുന്നതായി കണ്ടെത്തി.
തുടര്ന്ന് മാഹിയുടെ കോള് റെക്കോര്ഡുകള് ട്രാക്ക് ചെയ്തു. ഇതില് നിന്നാണ് പാമ്പ് പിടിത്തക്കാരനിലേക്ക് അന്വേഷണം നീണ്ടതെന്ന് പോലീസ് പറയുന്നു.
രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. അങ്കിത്തിനെ കൊലപ്പെടുത്താന് മാഹിയും മൂന്നുപേരും ചേര്ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് രമേശ് നാഥിന്റെ മൊഴി.
മൂര്ഖനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീര്ക്കാന് സംഘം ആസൂത്രണം ചെയ്തതായി പോലീസ് പറയുന്നു.
തുടക്കത്തില് അപകട മരണമായിരിക്കാമെന്നാണ് പൊലീസ് കരുതിയിരുന്നത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടാണ് നിര്ണായകമായത്.
ജൂലൈ 14നാണ് കൊലപാതകം നടന്നത്. സംഭവ ദിവസം അങ്കിത് മാഹിയുടെ വീട്ടില് പോയിരുന്നു. ഈസമയത്ത് നാലു കൂട്ടുപ്രതികളും വീട്ടില് ഉണ്ടായിരുന്നു.
മദ്യമോ അല്ലെങ്കില് മറ്റെതെങ്കിലും രാസവസ്തുവോ നല്കി ബോധം കെടുത്തിയ ശേഷമാകാം അങ്കിത്തിനെ കൊലപ്പെടുത്തിയതെന്ന് നൈനിറ്റാള് എസ്എസ്പി പങ്കജ് ഭട്ട് പറഞ്ഞു.