പ്രായമാകുമ്പോൾ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ മക്കൾക്ക് കൈമാറുന്നത് സാധാരണയായി നടക്കാറുള്ളതാണ്. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ സ്വത്തുക്കളെല്ലാം മക്കൾക്ക് നൽകാതെ വീട്ടിലെ പട്ടികൾക്കും പൂച്ചകൾക്കും എഴുതിവച്ചിരിക്കുകയാണ്. 20 മില്ല്യൺ യുവാൻ വരുന്ന തന്റെ സ്വത്തുക്കളാണ് ലിയു എന്ന സ്ത്രീ വളർത്ത് മൃഗങ്ങൾക്ക് നൽകിയത്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്തതെന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലൊരു കാരണമുണ്ട്.
അസുഖം ബാധിച്ച് വർഷങ്ങളോളം അവശനിലയിൽ ആയിരുന്നു ഇവർ. അന്ന് ഇവരുടെ കുടുംബക്കാരാരും തിരിഞ്ഞു നോക്കിയില്ല. അതിനാലാണ് സ്വത്തുക്കൾ അവർക്കൊന്നും നൽകാതെ പട്ടികളുടെയും പൂച്ചകളുടെയും പേരിൽ എഴുതിവച്ചത്. ഇതിനായി വിശദമായ വിൽപത്രവും ലിയു തയാറാക്കിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മൂന്ന് മക്കൾക്ക് തന്നെയാണ് ലിയു സ്വത്തും പണവുമെല്ലാം ആദ്യം തയാറാക്കിയ വിൽപ്പത്രത്തിൽ എഴുതിവച്ചിരുന്നത്. എന്നാൽ, മക്കളുടെ സ്നേഹമില്ലായ്മയും അവഗണനയും വയ്യാതായ കാലത്ത് മക്കൾ തിരിഞ്ഞുനോക്കാത്തതും അവരെ വല്ലാതെ വേദനിപ്പിച്ചു. ഇതോടെയാണ് തനിക്ക് ആ കാലത്തെല്ലാം ആശ്വാസമായിത്തീർന്ന പട്ടികളുടെയും പൂച്ചകളുടേയും പേരിൽ സ്വത്തുക്കളെല്ലാം എഴുതി വയ്ക്കാൻ ലിയു തീരുമാനിക്കുന്നത്.
വയ്യാതിരുന്ന സമയത്ത് അവർക്ക് ആകെയുണ്ടായിരുന്ന ആശ്വാസം ഈ പട്ടികളും പൂച്ചകളുമായിരുന്നു. അവ തന്നോട് സ്നേഹവും വിശ്വാസ്യതയും കാണിച്ചു എന്നാണ് ലിയു പറഞ്ഞത്. ആ പൂച്ചകൾക്കും പട്ടികൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും ഈ തുക ഉപയോഗിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇതെല്ലാം നടപ്പിലാക്കുന്നതിനായി ഏർപ്പാടാക്കിയിരിക്കുന്നത് സമീപത്തെ വെറ്ററിനറി ക്ലിനിക്കിനെയാണ്.
അതേസമയം ചൈനയിൽ വളർത്തുമൃഗങ്ങളുടെ പേരിൽ സ്വത്ത് എഴുതി വയ്ക്കുന്നതിൽ നിയമപരമായ തടസങ്ങളുള്ളതിനാൽ, ലിയുവിന് ഏറെ വിശ്വാസമുള്ള ആരെയെങ്കിലും പൂച്ചകളേയും പട്ടികളേയും നോക്കാനും സ്വത്ത് കൈകാര്യം ചെയ്യാനും ഏർപ്പാടാക്കാം എന്നാണ് അധികൃതർ പറയുന്നത്.